ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് ലക്ഷപ്രഭുവാകാൻ മോഷണം; ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കമിതാക്കൾ അറസ്റ്റിൽ

ഓരോ തവണയും ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട് വീണ്ടും മോഷണത്തിന് ഇറങ്ങുകയായിരുന്നു ഇവരുടെ പതിവ്.

Update: 2021-06-14 17:05 GMT
Editor : Nidhin | By : Web Desk

തൃശൂർ ജില്ലയിൽ വിവിധയിടങ്ങളിലായി ബൈക്കിലെത്തി സ്ത്രീകളുടെ മാലപൊട്ടിച്ചിരുന്ന കമിതാക്കളായ യുവാവും യുവതിയും അറസ്റ്റിലായി. താണിക്കൂടം മാറ്റാമ്പുറം സ്വദേശി വവ്വാൽ എന്നു വിളിക്കുന്ന നിജിൽ (28 ) കാമുകിയായ വില്ലടം നെല്ലിക്കാട് സ്വദേശിനി ജ്യോതിഷ (32 ) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലി ഐ.പി.എസിന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.ആർ.രാജേഷിന്‍റെ നേതൃത്വത്തിൽ ചേർപ്പ് ഇൻസ്‌പെക്ടർ ടി.വി. ഷിബു എസ്.ഐ. എം. മഹേഷ്‌കുമാർ എന്നിവരുടെ സംഘം പിടികൂടിയത്.

പ്രതികൾ ഇരുവരും ചേർന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ ബൈക്കിൽ കറങ്ങി റോഡിലൂടെ ഒറ്റക്കു നടന്നു പോകുന്ന സ്ത്രീകളെ നിരീക്ഷിച്ച് മോഷണം നടത്തിവരികയായിരുന്നു.. ആദ്യം പിടിയിലായ നിജിലിനെ ചോദ്യം ചെയ്തപ്പോഴാണ് കാമുകിയായ യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ പീച്ചി പൊലീസുമായി ബന്ധപ്പെട്ട് യുവതിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertising
Advertising

മോഷണം ചെയ്തു ലഭിക്കുന്ന പണം ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് പണം ഇരട്ടിപ്പിച്ച് ലക്ഷപ്രഭുക്കളായി ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് ഇരുവരും മോഷണത്തിന് ഇറങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു. എന്നാൽ ഓരോ തവണയും ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട് വീണ്ടും മോഷണത്തിന് ഇറങ്ങുകയായിരുന്നു ഇവരുടെ പതിവ്. നിലവിൽ വിവാഹിതരും കുടുംബവും ഉള്ള ഇരുവരും തമ്മിൽ പ്രണയത്തിലായ ശേഷം ആരുമറിയാതെ മറ്റൊരു ജീവിതം തുടങ്ങാൻ പണം കണ്ടെത്താനുള്ള പദ്ധതിയുമായാണ് മോഷണത്തിന് ഇറങ്ങിയത്.

പീച്ചി, കണ്ണമ്പ്ര, തിരൂർ, മരോട്ടിച്ചാൽ, മണ്ണുത്തി, മുണ്ടത്തിക്കോട്, അമ്മാടം, വലക്കാവ് എന്നിവിടങ്ങളിൽ നിന്നായി 15 പവനോളം സ്വർണ്ണമാണ് ഇരുവരും കൂടി പൊട്ടിച്ചെടുത്തത്. ഏറെയും പ്രായമായ സ്ത്രീകളാണ് ഇയാളുടെ ഇരകളായിരുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ നിജിൽ ഒറ്റയ്ക്ക് ബൈക്കിലെത്തി റേഷൻ കടയിൽ വന്ന് തിരിച്ചു പോകുകയായിരുന്ന 65കാരിയുടെ മാല ചേർപ്പ് അമ്മാടത്ത് വച്ച് പൊട്ടിച്ചിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം ലഭിച്ച വിവരങ്ങളും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും പിൻതുടർന്ന് നടത്തിയ അന്വേഷണമാണ് ദിവസങ്ങൾക്കുള്ളിൽ പ്രതികളെ കുടുക്കിയത്.

എസ്.ഐ. ടി.ജി. ദിലീപ് കുമാർ, എ.എസ്.ഐ. കെ.വിനോദ് സീനിയർ സിപിഒമാരായ കെ.ആർ. രതീഷ്‌മോൻ, ഇ.എച്ച്. ആരിഫ്, സി.പി.ഒ.മാരായ കെ.ആർ ഗിരീഷ്, എസ്.ബിനുരാജ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.



Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News