സർക്കാർ സ്കൂളുകൾ പൂട്ടുന്നു എന്നത് വ്യാജ പ്രചാരണം; മന്ത്രി വി.ശിവൻകുട്ടി

വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കും

Update: 2025-06-08 07:43 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: സർക്കാർ സ്കൂളുകൾ പൂട്ടുന്നു എന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി വി.ശിവൻകുട്ടി. കണ്ണൂരിൽ ചില പ്രശ്നങ്ങളുണ്ടെന്നും സർക്കാർ അറിയാതെ സ്കൂളുകൾ പൂട്ടാനാവില്ലെന്നും മന്ത്രി. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കും. ഏതെങ്കിലും സ്കൂൾ പൂട്ടിയിട്ടുണ്ടെങ്കിൽ അത് തുറക്കുമെന്നുംശിവൻകുട്ടി പറഞ്ഞു.. വിദ്യാർഥികൾ ഇല്ലാത്തതിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ എട്ട് എയ്ഡഡ് സ്കൂളുകൾ പൂട്ടിയതിനോടാണ് മന്ത്രിയുടെ പ്രതികരണം.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം കണ്ണൂർ ജില്ലയിൽ മാത്രം അടച്ചുപൂട്ടിയത് എട്ട് പൊതു വിദ്യാലയങ്ങളാണെന്ന വാര്‍ത്ത ഇന്നലെ മീഡിയവൺ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂട്ടുവീണതിൽ മൂന്ന് വിദ്യാലയങ്ങളും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. പത്തിലധികം വിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വിദ്യാർഥികൾ ഇല്ലാത്തതിനെ തുടർന്നാണ് സ്കൂളുകളെല്ലാം അടച്ചു പൂട്ടിയത്. അധ്യാപക നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകാത്തതാണ് അടച്ചുപൂട്ടലിനു കാരണമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം.

Advertising
Advertising

ഇത് തലശ്ശേരി സൗത്ത് ഉപജില്ലയിൽപ്പെട്ട പാലയാട് സെൻട്രൽ ജൂനിയർ ബേസിക് സ്കൂൾ. ഒരു നൂറ്റാണ്ടിലേറെ പല തലമുറകൾക്ക് അക്ഷരാഭ്യാസം പകർന്നു നൽകിയ വിദ്യാലയം. വിദ്യാർഥികൾ ആരും എത്താത്തതിനെ തുടർന്ന് രണ്ടുവർഷം മുമ്പ് അടച്ചുപൂട്ടി. തലശ്ശേരി സൗത്ത് ഉപ ജില്ലയുടെ കീഴിൽ തന്നെ പ്രവർത്തിച്ചു വന്നിരുന്ന മേലൂർ ജൂനിയർ ബേസിക് സ്കൂളിനുമുണ്ട് തലമുറകളെ അക്ഷരമൂട്ടിയ പാരമ്പര്യം. മൂന്നുവർഷം മുമ്പ് അടച്ചുപൂട്ടിയ സ്കൂളിൽ ഇപ്പോൾ ഓർമകളുടെ മഞ്ചാടി കുരുക്കൾ മാത്രമാണ് ബാക്കി. ആണ്ടല്ലൂർ കാവിന് സമീപത്തെ ആണ്ടല്ലൂർ ജെബിസ്കൂൾ അടച്ചുപൂട്ടിയതിന് പിന്നാലെ ഇടിച്ചുനിരത്തി. സ്വരുക്കൂട്ടിയെടുക്കാൻ അവശിഷ്ടങ്ങൾ പോലുമില്ല ബാക്കി

1898ൽ ആരംഭിച്ച ന്യൂമാഹി പരിമഠം എൽപി സ്കൂളിന് കഴിഞ്ഞ വർഷമാണ് പൂട്ട് വീണത്. തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ തന്നെ ഉൾപ്പെട്ട വാണി വിലാസം യുപി സ്കൂൾ, പപ്പൻ പീടികയിലെ കോടിയേരി ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്നിവയും അടച്ചു പൂട്ടിയിട്ട് കാലമേറെയായില്ല. ഒടുവിൽ കണ്ണൂർ നോർത്ത് സബ് ജില്ലയിൽ ഉൾപ്പെട്ട ഇരിവേരി ഇഎൽപി സ്കൂൾ, അതിരകം എൽ പി സ്കൂൾ എന്നിവയും അടച്ചുപൂട്ടി. പൂട്ട് വീണതൊക്കെയും എയ്ഡഡ് സ്കൂളുകൾക്കാണ്. അധ്യാപക നിയമനങ്ങൾക്ക് സർക്കാർ അനുമതി നൽകാത്തതാണ് സ്കൂളുകൾ അടച്ചുപൂട്ടാൻ കാരണം എന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം. പൊതുവിദ്യാലയങ്ങളുടെ പടിയിറങ്ങിയ വിദ്യാർഥികൾ ഒക്കെയും ചേക്കേറിയത് സ്വകാര്യ സ്കൂളുകളിലേക്കാണന്നും ഇവർ പറയുന്നു. പത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News