കടൽ മണൽ ഖനന പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണം : വെൽഫെയർ പാർട്ടി

കടൽ മണൽ ഖനനം കേരളത്തിലെ മത്സ്യ സമ്പത്തിന് അന്ത്യം കുറിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

Update: 2025-02-06 13:38 GMT

റസാഖ് പാലേരി

തിരുവനന്തപുരം : കേരളം, ഗുജറാത്ത് ആൻഡമാൻ നിക്കോബാർ മേഖലകളിലെ കടലിൽ നിന്ന് മണലും ധാതുക്കളും ഖനനം ചെയ്യാനുള്ള കേന്ദ്ര ഖനി മന്ത്രാലയത്തിൻ്റെ പദ്ധതി റദ്ദ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ഖനനം നടത്തുന്നതിന് വേണ്ടി സ്വകാര്യ കമ്പനികളിൽ നിന്ന് സർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. മത്സ്യ മേഖലക്കും തീരദേശ പരിസ്ഥിതിക്കും ഗുരുതര ആഘാതം ഉണ്ടാക്കുന്ന തീരുമാനമാണിത്. ഖനനം കേരളത്തിലെ മൽസ്യബന്ധന മേഖലയുടെ അന്ത്യം കുറിക്കും. തീരക്കടലിലെ അടിത്തട്ടിൽ ഖനനം നടത്തുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുകയും മത്സ്യസമ്പത്ത് കുറയുന്നതിനു കാരണമാവുകയും ചെയ്യും.

Advertising
Advertising

കേരളത്തിൽ വ്യാപകമായി ലഭിക്കുന്ന മത്സ്യങ്ങളിൽ അധികവും തീര കടലിനെ ആശ്രയിച്ചാണ് നിൽക്കുന്നത്. ഇവയുടെ നിലനിൽപ്പിനെ സഹായിക്കുന്ന വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങളുടെ വളർച്ചക്ക് അനുകൂലമായ ആവാസ വ്യവസ്ഥ ഖനനത്തോടെ ഇല്ലാതാകും. ചാവക്കാടും പൊന്നാനിയും വർക്കല മുതൽ അമ്പലപ്പുഴ വരെ നീണ്ടു നിൽക്കുന്ന കൊല്ലം പരപ്പുമാണ് ഖനനത്തിനായി പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ മത്തി, അയല, ചൂര, നെയ്മീൻ, ചെമ്മീൻ തുടങ്ങിയ മത്സ്യ സമ്പത്ത് ഇല്ലാതാകും. സംസ്ഥാനത്തിന് വൻതോതിൽ വിദേശ നാണ്യവും തൊഴിലവസരങ്ങളും നൽകുന്ന മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് 10 ലക്ഷത്തിലധികം കുടുംബങ്ങളാണ് ജീവിക്കുന്നത്. അവരുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകും. കടലും കടൽത്തീരവും കോർപറേറ്റുകൾക്ക് തീറെഴുതുന്ന ഭരണാധികാരികൾ മൽസ്യത്തൊഴിലാളികളെ കുറിച്ച് ചിന്തിക്കുന്നേയില്ല.

എല്ലാവർഷവും വൻതോതിൽ കടലാക്രമണം നടക്കുന്ന തീരമാണ് കേരളത്തിൻ്റെത്. ആ തീരത്ത് നിന്ന് ലക്ഷക്കണക്കിന് മെട്രിക്ക് ടൺ മണൽ ഊറ്റിയെടുത്താൽ കരയിൽ നിന്ന് കടൽ വൻതോതിൽ മണൽ വലിച്ചെടുക്കും . കരിമണൽ ഖനന മേഖല ഇതിന് ഉദാഹരണമാണ്. ഇതോടെ സ്വാഭാവികമായും കടൽ കരയിലേക്ക് അതിശക്തമായി കടന്നുവരികയും കടലിൻ്റെ സ്വാഭാവികത നഷ്ടപ്പെടുകയും ചെയ്യും. വൻ തോതിലുള്ള പ്രകൃതി ക്ഷോഭത്തിന് ഇത് കാരണമാകും. തീരദേശ മത്സ്യ ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കുന്ന തീരുമാനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.

കടലിൻ്റെ ആവാസ വ്യവസ്ഥയെ തകർക്കുകയും ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്ന ഈ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം. ജനങ്ങളുടെ പ്രതിഷേധത്തെ അവഗണിച്ച് ജനദ്രോഹ തീരുമാനവുമായി മുന്നോട്ടു പോകാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെങ്കിൽ കേരളതീരത്ത് അതി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം കൊടുക്കുമെന്ന് റസാഖ് പാലേരി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News