മുഖ്യമന്ത്രിയുടെ അത്താഴ വിരുന്നിൽ നിന്ന് പിന്‍മാറി ഗവർണർമാർ

കേരളം, ബംഗാൾ , ഗോവ ഗവര്‍ണര്‍മാരാണ് പിന്മാറിയത്

Update: 2025-04-27 08:18 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അത്താഴ വിരുന്നിൽ നിന്ന് പിന്‍മാറി ഗവർണർമാർ. കേരള , ബംഗാൾ , ഗോവ ഗവർണർമാരെയാണ് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നത്. അത്താഴ വിരുന്നിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇട നൽകുമെന്ന് ഗവർണർമാർ വിലയിരുത്തിയെന്നാണ് സൂചന.

ഇന്ന് ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് ഗവർണർമാർ ഒരാഴ്ച മുമ്പ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

ധനമന്ത്രി നിർമ്മലാ സീതാരാമന് ഡൽഹിയിൽ വെച്ച് പ്രഭാത ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. വിവിധ കേസുകളിലെ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷ ആരോപണം.അതിനിടയിലാണ് ബിജെപി നിയമിച്ച ഗവർണർമാരെ മുഖ്യമന്ത്രി ഡിന്നറിന് ക്ഷണിച്ചത്.

Advertising
Advertising

കേരള ഗവർണർ രാജേന്ദ്രേ അർലേക്കറെ മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവനിൽ എത്തി നേരിട്ട് ക്ഷണിച്ചു. മലയാളികളായ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയെയും ബംഗാൾ ഗവർണർ ടി.വി ആനന്ദബോസിനെയും മുഖ്യമന്ത്രി തന്നെ ക്ഷണിച്ചു. ഇന്ന് വൈകിട്ട് ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു ഡിന്നർ തീരുമാനിച്ചത്.എന്നാൽ ഒരാഴ്ച മുമ്പ് മൂന്ന് ഗവർണർമാരും അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന് അസൗകര്യം അറിയിച്ചു.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അടക്കമുള്ള വിവാദങ്ങൾ നിലനിൽക്കെ ക്ലിഫ് ഹൗസിലെ ഡിന്നറിൽ പങ്കെടുത്തത് മറ്റുചില രാഷ്ട്രീയ വ്യഖ്യാനങ്ങൾക്കിടയാകും എന്ന് ഗവർണർമാർ വിലയിരുത്തി എന്നാണ് സൂചന.ഇതോടെയാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ ഗവർണർമാർ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ക്ഷണം പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News