വിവാദ ശബ്ദരേഖ; തൃശൂർ സിപിഎമ്മിൽ ഗ്രൂപ്പ് ധ്രുവീകരണം ശക്തം
ശബ്ദരേഖയുടെ കൂടുതൽ ഭാഗങ്ങൾ പുറത്തുവരുമെന്ന ആശങ്കയും സിപിഎം ജില്ലാ നേതൃത്വത്തിനുണ്ട്
കൊച്ചി: നേതാക്കൾക്ക് കോടികളുടെ ആസ്തിയുണ്ടെന്ന ശബ്ദരേഖക്ക് പിന്നാലെ തൃശൂർ സിപിഎമ്മിൽ ഗ്രൂപ്പ് ധ്രുവീകരണം ശക്തമായി. ആറ് നേതാക്കളെ കുറിച്ച് സംഭാഷണത്തിൽ പരാമർശമുണ്ടെങ്കിലും എ.സി മൊയ്തീനെ ലക്ഷ്യമിട്ടാണ് പ്രധാന നീക്കം നടക്കുന്നത്. ശബ്ദരേഖയുടെ കൂടുതൽ ഭാഗങ്ങൾ പുറത്തുവരുമെന്ന ആശങ്കയും സിപിഎം ജില്ലാ നേതൃത്വത്തിനുണ്ട്.
എ.വിജയരാഘവൻറെയും പി.കെ ബിജുവിൻറെയും തട്ടകം കൂടിയായ തൃശൂരിൽ പാർട്ടി സമ്മേളനത്തിന് ശേഷവും വിഭാഗീയത ശക്തമായി തുടരുകയാണ്. പാർട്ടിയിൽ പ്രബലനായിരുന്ന എ.സി മൊയ്തീൻറെ സ്വാധീനത്തിൽ ജില്ലാ സമ്മേളനത്തോടെ കാര്യമായ കുറവുണ്ടായി. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജുവിൻറെ പിന്തുണയോടെ സേവ്യർ ചിറ്റിലപ്പള്ളി, എം.ബാലാജി തുടങ്ങിയവരാണ് മൊയ്തീനെതിരെ നിലയുറപ്പിച്ചിട്ടുള്ളത്.
മൊയ്തീൻ അടക്കമുള്ള നേതാക്കൾക്ക് കോടികളുടെ ആസ്തിയുണ്ടെന്ന ശബ്ദരേഖ പുറത്ത് വന്നത് വിഭാഗീയതക്ക് പുതിയ ഇന്ധനമായി. തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ് മൊയ്തീൻ കരുതുന്നുത്. വിവാദ സംഭാഷണത്തിന്റെ ചില ഭാഗങ്ങൾ മാത്രം പ്രചരിച്ചതിലും മൊയ്തീൻ ഗൂഢാലോചന സംശയിക്കുന്നുണ്ട്.
തൃശൂരിലെ വ്യവസായികളുമായി പാർട്ടിയുടെ വിലാസത്തിൽ നടത്തുന്ന ആശയവിനിമയങ്ങളിൽ എ.സി മൊയ്തീന് വലിയ ആധിപത്യമുണ്ട്. ഇത് മറികടക്കാനുള്ള എതിർ ഗ്രൂപ്പിൻറെ പരിശ്രമങ്ങളാണ് ഗ്രൂപ്പ് പോര് കടുപ്പിക്കുന്നത്. ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയുടെ ഉത്തരവാദികളായി പാർട്ടി കണ്ടെത്തിയത് മൊയ്തീൻ വിരുദ്ധരെയാണ്.
എന്നാൽ വിഭാഗീയത തടയാൻ ശ്രമിച്ചില്ല എന്ന കുറ്റം മൊയ്തീന് മേലും ചുമത്തി. പി.കെ ബിജുവും എ.വിജയരാഘവനും പിന്തുണക്കുന്ന മൊയ്തീൻ വിരുദ്ധർക്ക് വ്യക്തമായ ആധിപത്യം നിലവിൽ തൃശൂരിലുണ്ട്. പുതിയ വിവാദം ഉപയോഗിച്ച് മൊയ്തീനെ കൂടുതൽ ദുർബ്ബലനാക്കാനുള്ള നീക്കത്തിലാണ് എതിർപക്ഷം.