ഹരിത നേതാക്കളെ തിരിച്ചെടുത്തത് മതിയായ ചർച്ചയില്ലാതെ: കെ.എം ഷാജി
നേതൃയോഗത്തിൽ പി.എം.എ സലാം മൗനം പാലിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയാണ് ഷാജിക്ക് മറുപടി നല്കിയത്
കോഴിക്കോട്: ഹരിത നേതാക്കളെ തിരിച്ചെടുത്തതില്‍ മതിയായ ചർച്ച ഉണ്ടായില്ലെന്ന് കെ.എം ഷാജി. മുസ് ലിം ലീഗ് നേതൃയോഗത്തിലാണ് ഷാജി വിമർശനം ഉന്നയിച്ചത്. ഹരിത വിഭാഗം നേതാക്കളെ പാർട്ടിയിലേക്ക് തിരികെയെടുത്ത് ഭാരവാഹിത്വം നല്കിയത് ബന്ധപ്പെട്ട ഘടകങ്ങളില്‍ ചർച്ച ചെയ്താണോ എന്ന് ജനറല് സെക്രട്ടറി പി.എം.എ സലാമിനോട് കെ.എം ഷാജി ചോദിച്ചു.
ഹരിത നീക്കത്തില്‍ പി.എം.എ സലാമിനടക്കം പാർട്ടിയിലെ പല നേതാക്കള്‍ക്കുമുള്ള അതൃപ്തി ചർച്ചയാക്കാനാണ് ഷാജി ലക്ഷ്യമിട്ടത്. പി.എം.എ സലാം മൗനം പാലിച്ചപ്പോള്‍ എല്ലാ കാര്യങ്ങളും എല്ലാവരുമായി ചർച്ച ചെയ്യാന്‍ കഴിയണമെന്നില്ല എന്ന് പറഞ്ഞ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഷാജിക്ക് മറുപടി നല്കിയത്.
ഹരിത നേതാക്കളെ തിരികെ എടുത്തതിനെ വിമർശിച്ച് എഫ് ബി പോസ്റ്റിട്ടവർക്കെതിരെ നടപടി വേണെന്ന് നൂർബീന റഷീദിനെ ലക്ഷ്യമിട്ട അഡ്വ മുഹമ്മദ് ഷാ ആവശ്യപ്പെട്ടു.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പെ സമസ്തയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മുസ് ലിം ലീഗ് നേതൃയോഗത്തില്‍ അഭിപ്രായം. നേതൃതല ചർച്ചകളിലൂടെ പ്രശ്ന പരഹാരമുണ്ടാക്കണമെന്നും നേതാക്കള്‍ നിർദേശിച്ചു. ഇന്നലെ നടന്ന ഭാരവാഹി യോഗത്തിലും സംസ്ഥാന സെക്രട്ടറിയേറ്റിലും സമസ്ത വിഷയം ചർച്ചയായി.
പൊന്നാനിയിലടക്കം സമസ്തയിലെ ഒരു വിഭാഗം നടത്തിയ ലീഗ് വിരുദ്ധ നീക്കത്തെ പലരും വിമർശിച്ചു. ന്യൂനപക്ഷമാണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍. എന്നാലും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് എത്താതെ തന്നെ പ്രശ്ന പരിഹാരമുണ്ടാകണം. ഇതിനായി നേതൃത്വം മുന്‍കൈയ്യെടുക്കണമെന്ന അഭിപ്രായം നേതാക്കള്‍ ഉന്നയിച്ചു. സമസ്തയുമായുള്ള പ്രശ്നത്തെ സുപ്രഭാതവുമായുള്ള പ്രശ്നമായി അവതരിപ്പിക്കാന്‍ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പി കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചതും ശ്രദ്ധേയമായി.