വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിൻവലിക്കില്ലെന്ന് ഹരിത

പരാതി പിൻവലിക്കില്ലെന്നും നീതി വേണമെന്നുമാണ് ഹരിതയുടെ നിലപാട്

Update: 2021-08-26 08:40 GMT
Editor : ijas
Advertising

ഹരിത നേതാക്കളെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിൻവലിക്കില്ലെന്ന് ഹരിത. വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിച്ചിട്ടില്ലെന്നു ഹരിത നേതാക്കൾ പറഞ്ഞു. പരാതി പിൻവലിക്കില്ലെന്നും നീതി വേണമെന്നുമാണ് ഹരിതയുടെ നിലപാട്.

സംഭവത്തില്‍ ആരോപണവിധേയരായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് അടക്കമുള്ളവര്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചതായും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുമെന്നും ലീഗ് പത്രപ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് ഹരിത നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് അറിയിച്ച് രംഗത്തുവന്നത്. എം.എസ്.എഫ് നേതാക്കള്‍ക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച നടപടി പിന്‍വലിക്കുമെന്നാണ് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചത്.

ഹരിതയും എം.എസ്.എഫും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായത് കൊണ്ട് യോജിച്ച് പോകുന്നതിന് ആവശ്യമായ ചര്‍ച്ചകളും പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്ന വിലയിരുത്തലില്‍ പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണത്തില്‍ ഇരു സംഘടനകളുടെയും പ്രാതിനിധ്യത്തോടെ ഒരു പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും മുസ്‍ലിം ലീഗ് അറിയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News