മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ പ്രതിഷേധം; ഹർഷിനയെ അറസ്റ്റ് ചെയ്തു നീക്കി

ആടിനെ പട്ടിയാക്കുന്ന നടപടിയാണ് മെഡിക്കൽ ബോർഡിന്റേത് എന്ന് ഹർഷിന

Update: 2023-08-09 09:04 GMT
Advertising

കോഴിക്കോട്: കോഴിക്കോട് DMO ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ച ഹർഷിനയെയും സമരസമിതി പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. തന്റെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നെന്ന പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് നടപടിക്കെതിരെയായിരുന്നു ഹർഷിനയുടെ പ്രതിഷേധം.

ഹർഷിനയെയും ഭർത്താവ് അഷ്‌റഫ് ഉൾപ്പടെ 12 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.  അന്വേഷണം അട്ടിമറിക്കാൻ ഡിഎംഒ ഒത്താശ ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ഹർഷിനയുടെ സമരം.  12 മണിക്ക് തുടങ്ങിയ ഉപരോധം 1 മണി വരെ നീണ്ടു. തുടർന്നാണ് പൊലീസെത്തി അറസ്റ്റ് ചെയ്തത്‌.

Full View

ഏത് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക കുടുങ്ങിയതെന്ന് ലഭ്യമായ തെളിവുകൾ വെച്ച് പറയാൻ സാധിക്കില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. എം ആര്‍ ഐ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നാണ് കുടുങ്ങിയതെന്ന് പറയാന്‍ സാധിക്കില്ലെന്ന മെഡിക്കല്‍ ബോര്‍ഡിലെ റേഡിയോളജിസ്റ്റ് ഡോ. പി.ബി സലീമിന്‍റെ വാദം മെഡിക്കല്‍ ബോര്‍ഡിലെ ഏഴംഗങ്ങളും അനുകൂലിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി കെ സുദര്‍ശനും പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജയദീപും ഇതിനെ എതിര്‍ത്തതിനാല്‍ ഇവരുടെ വിയോജനം രേഖപ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2017 ജനുവരിയില്‍ ഹ‍ര്‍ഷിന തലവേദനയെ തുടർന്ന് എംആർഐ സ്കാനെടുത്തിരുന്നു. ഈ സ്കാനിംഗ് റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ എവിടെയും ലോഹത്തിന്‍റെ സാനിധ്യമുള്ളതായി കണ്ടെത്തിയിട്ടില്ല. അതേ വര്‍ഷം നവംബറിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഹര്‍ഷിനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. അതിനാല്‍ ഈ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇക്കാര്യം കാണിച്ച് അന്വേഷണ സംഘം ഡി എം ഒയ്ക്ക് റിപ്പോര്‍ട്ട് നല്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ജില്ലാതല മെഡിക്കല്‍ ബോര്‍ഡാണ് പൊലീസ് റിപ്പോര്‍ട്ട് തള്ളിയത്.

ആടിനെ പട്ടിയാക്കുന്ന നടപടിയാണ് മെഡിക്കൽ ബോർഡിന്റേത് എന്നായിരുന്നു സംഭവത്തിൽ ഹർഷിനയുടെ പ്രതികരണം. കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് ബോർഡിന്റേതെന്നും യാഥാർഥ്യം തെളിയിക്കും വരെ സമരം തുടരുമെന്നും ഹർഷിന പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News