DYFI പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം; വടകര റൂറൽ എസ്‍പിക്ക് പരാതി
ഇടതു സൈബർ ഹാൻഡിലുകൾ ഷഫീക്കിനെ താലിബാനിയെന്നും ഭീകരവാദിയെന്നും ചിത്രീകരിച്ച് വ്യാപക പ്രചാരണമഴിച്ചു വിട്ടിരുന്നു
കോഴിക്കോട്: ഷാഫി പറമ്പിലിനെതിരായ വടകരയിലെ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ എംപിക്ക് സംരക്ഷണമൊരുക്കാൻ തയ്യാറായതിന്‍റെ പേരിൽ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം.ഏറാമല സ്വദേശി ഷഫീക്കിനെതിരെയാണ് വിദ്വേഷപ്രചാരണം നടത്തിയത്. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള വടകര റൂറൽ എസ്‍പിക്ക് പരാതി നൽകി.
വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർത്ത പിടിഎ പ്രസിഡൻറുമാരുടെ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് ഷഫീക്ക് എംപിയെ ഡിവൈ എഫ്ഐക്കാർ വഴി തടയുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ എംപിക്ക് സംരക്ഷണമൊരുക്കാൻ ഷഫീക്ക് തയ്യാറാകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ക്രൂരമായ സൈബർ അറ്റാക്ക് ആണ് ഷഫീക്ക് നേരിട്ടത്. ഇടതു സൈബർ ഹാൻഡിലുകൾ ഷഫീക്കിനെ താലിബാനിയെന്നും ഭീകരവാദിയെന്നും ചിത്രീകരിച്ച് വ്യാപക പ്രചാരണമഴിച്ചു വിട്ടു.ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ലീഗിന്‍റെ പരാതി.
പള്ളിക്കുനി എം എൽ പി സ്ക്കൂൾ പിടിഎ പ്രസിഡൻറും ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് ശാഖ മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറിയുമാണ് ഖുർആൻ പണ്ഡിതൻ കൂടിയായ ഹാഫിള് ഷഫീഖ്.