Writer - അൻഫസ് കൊണ്ടോട്ടി
anfas123
കൊല്ലം: ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിഷയത്തില്‍ മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി സാദിഖലി തങ്ങള്‍. ആത്മഹത്യ ചെയ്യേണ്ട ഗതികേട് യുഡിഎഫിനുണ്ടായിട്ടില്ല. ഒരുപക്ഷേ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള യുഡിഎഫ് പ്രചാരണപരിപാടിയിൽ കൊല്ലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഏത് പശ്ചാത്തലായിരുന്നാലും ആത്മഹത്യ ചെയ്യേണ്ട ഗതികേട് യുഡിഎഫിന് ഇതുവരെയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഒരുപക്ഷേ, അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും മുഖ്യമന്ത്രി പറഞ്ഞത്. ജമാഅത്തുമായിട്ട് വളരെ നേരത്തെ ബന്ധം ഉണ്ടാക്കിയത് അവരായിരുന്നല്ലോ. അന്ന് അങ്ങനെ ചെയ്യേണ്ടിവന്നിട്ടുണ്ടോയെന്ന് അറിയില്ല.' സാദിഖലി തങ്ങള്‍ മറുപടി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫ് കൂട്ടുകെട്ട് ആത്മഹത്യാപരമായ നടപടിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. നാലുവോട്ടിന് വേണ്ടി അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുകയാണെന്നും മറ്റ് മുസ്‌ലിം വിഭാഗത്തെ പോലെയല്ല ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനരീതിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.