തിരുവനന്തപുരം മെഡി. കോളേജ് വകുപ്പ് മേധാവിയുടെ വെളിപ്പെടുത്തൽ; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്
അതൃപ്തി ഉണ്ടെങ്കിലും ഡോക്ടർക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം
Update: 2025-06-30 00:54 GMT
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവിയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. ഡോ. ഹാരിസ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.
ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും നെഫ്രോളജി വിഭാഗം മേധാവിയും കോട്ടയം മെഡിക്കൽ കോളജിലെ സൂപ്രണ്ടും യൂറോളജി വിഭാഗം മേധാവിയുമാണ് സമിതി അംഗങ്ങൾ. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങി നൽകാത്തതിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്രണ്ടിനും പ്രിൻസിപ്പലിനും വീഴ്ച പറ്റിയെന്ന വിലയിരുത്തലിലാണ് ജില്ലയ്ക്ക് പുറത്തുള്ള വിദഗ്ധ ഡോക്ടർമാരെ അന്വേഷണ സമിതിയിൽ ഉൾപ്പെടുത്തിയത്.
ഡോ. ഹാരിസിന്റെ പരസ്യ പ്രതികരണങ്ങളിൽ ആരോഗ്യവകുപ്പിന് അതൃപ്തി ഉണ്ടെങ്കിലും ഡോക്ടർക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം.