മിൽക്ക് ബാങ്ക് വൻ വിജയമെന്ന് ആരോ​ഗ്യമന്ത്രി; പ്രയോജനം ലഭിച്ചത് 17,307 കുഞ്ഞുങ്ങൾക്ക്

തിരുവനന്തപുരം എസ്എടി ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും മുലപ്പാൽ ബാങ്കുകൾ സജ്ജമായി വരികയാണ്.

Update: 2025-08-01 13:08 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ സ്ഥാപിച്ച മുലപ്പാൽ ബാങ്കുകൾ വൻ വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളജ്, തൃശൂർ മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സർക്കാരിന്റെ കാലത്ത് മുലപ്പാൽ ബാങ്ക് സ്ഥാപിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും മുലപ്പാൽ ബാങ്കുകൾ സജ്ജമായി വരികയാണ്. മൂന്ന് മുലപ്പാൽ ബാങ്കുകളിൽ നിന്നായി ഇതുവരെ 17,307 കുഞ്ഞുങ്ങൾക്കാണ് മുലപ്പാൽ നൽകിയത്. 4673 അമ്മമാരാണ് മുലപ്പാൽ ദാനം ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ 11,441 കുഞ്ഞുങ്ങൾക്കും തൃശൂർ മെഡിക്കൽ കോളജിൽ 4870 കുഞ്ഞുങ്ങൾക്കും എറണാകുളം ജനറൽ ആശുപത്രിയിൽ 996 കുഞ്ഞുങ്ങൾക്കുമാണ് മുലപ്പാൽ നൽകിയത്. ഈ പദ്ധതി വിജയകരമായതിനെ തുടർന്ന് കൂടുതൽ ആശുപത്രികളിൽ മുലപ്പാൽ ബാങ്ക് സജ്ജമാക്കും. കൂടുതൽ ആശുപത്രികളിൽ മിൽക്ക് ബാങ്ക് യാഥാർഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങൾക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Advertising
Advertising

ആഗസ്റ്റ് ഒന്ന് മുതൽ ആഗസ്റ്റ് ഏഴ് വരെ മുലയൂട്ടൽ വാരാചരണം നടക്കുകയാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാൽ. ആദ്യ ഒരു മണിക്കൂറിൽ നവജാതശിശുവിന് മുലപ്പാൽ നൽകേണ്ടതും ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാൽ അമ്മമാരുടെ പകർച്ചവ്യാധികൾ, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾ, വെന്റിലേറ്ററിലുള്ള അമ്മമാർ തുടങ്ങി വിവിധ കാരണങ്ങളാൽ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികൾക്ക് കൂടി മുലപ്പാൽ ഉറപ്പാക്കാനാണ് മിൽക്ക് ബാങ്ക് സജ്ജമാക്കിയത്.

സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരിൽ നിന്നും മുലപ്പാൽ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കൾക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാൽ വിതരണം ചെയ്യുന്നു. ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുമാരും ജീവനക്കാരുമാണ് പ്രധാന ദാതാക്കൾ. സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാൽ കുടിക്കാൻ പറ്റാത്ത സാഹചര്യമുള്ള അമ്മമാർക്കും മുലപ്പാൽ ദാനം ചെയ്യാം. ബാക്ടീരിയ സാന്നിധ്യം ഇല്ല എന്നുറപ്പാക്കിയാണ് പാൽ കുഞ്ഞുങ്ങൾക്ക് നൽകുന്നത്. ഫ്രീസറിനുളളിൽ ഇത് മാസങ്ങളോളം സൂക്ഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News