പ്രതിപക്ഷം സർക്കാർ സംവിധാനങ്ങളെ അടച്ചാക്ഷേപിക്കുന്നു; ആരോഗ്യമന്ത്രി

അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ഗൈഡ്‌ലൈൻ രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും ടെക്‌നിക്കൽ ഗൈഡ് ലൈൻ അടക്കം രൂപീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു

Update: 2025-09-17 13:08 GMT

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംവിധാനങ്ങളെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അമീബിക് മസ്തിഷ്‌ക ജ്വരം അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷമുയർത്തിയ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. തെറ്റായ പ്രചരണം ആസൂത്രിതമായി നടത്തുന്നുവെന്നും പ്രതിപക്ഷമാണ് ഇരുട്ടിൽ തപ്പുന്നതെന്നും മന്ത്രി പറഞ്ഞു.

അമീബിക് രോഗത്തിൽ ക്രിയാത്മകമായ നിർദേശങ്ങളൊന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. എല്ലാ ജലസ്രോതസുകളിലും അമീബയുണ്ട്. അപൂർവമായി മാത്രം മനുഷ്യരിൽ ഉണ്ടാകുന്ന രോഗമാണ് ഇതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

Advertising
Advertising

2016ലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് എന്ന് പറയുന്നത് ശരിയാണ്. അന്നാണ് കൃത്യമായ പരിശോധനയിലൂടെ കണ്ടെത്തിയത്. എന്തുകൊണ്ട് മരണം സംഭവിക്കുന്നു എന്നുള്ളത് 70 ശതമാനവും നമ്മുടെ രാജ്യത്ത് കണ്ടെത്തിയിട്ടില്ല. എല്ലാ മസ്തിഷ്‌ക ജ്വര കേസുകളും കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് 2023 മുതൽ നിർദേശമുണ്ട്. ഏത് ജില്ലയിലാണെങ്കിലും പരിശോധിക്കാൻ മറ്റെവിടെയെങ്കിലും കൊണ്ടുപോകേണ്ടതില്ല. ഏത് അമീബയാണെന്ന് കണ്ടെത്താനുള്ള പിസിആർ ടെസ്റ്റ് നേരത്തെ ഉണ്ടായിരുന്നതല്ല. ഇത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് വികസിപ്പിച്ചെടുത്തതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ഗൈഡ്‌ലൈൻ രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും ടെക്‌നിക്കൽ ഗൈഡ് ലൈൻ അടക്കം രൂപീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വ്ീകരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ,യുഡിഎഫ് സർക്കാരിന്റെ കാലത്ത് 12 ശതമാനം ആയിരുന്ന ശിശുമരണ നിരക്ക് അഞ്ച് ശതമാനമായി കുറക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News