കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

Update: 2023-07-24 16:35 GMT
Advertising

വയനാട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി. പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

"കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (25-07-2023, ചൊവ്വ) അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. അവധി ദിവസങ്ങളിൽ കുട്ടികൾ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാൻ പോകുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്"- വയനാട് കളക്ടര്‍ അറിയിച്ചു.

"കണ്ണൂര്‍ ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ഐ.സി.എസ്.ഇ/സി.ബി.എസ്.ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 25-07-2023 (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ച്‌ ഉത്തരവാകുന്നു. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ അറിയിക്കുന്നു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുമാണ്‌. നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല"- കണ്ണൂര്‍ കളക്ടര്‍ അറിയിച്ചു.

"കോഴിക്കോട് മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ജൂലൈ 25) അവധിയാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല. അവധിയായതിനാൽ കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും അഭ്യർത്ഥിക്കുന്നു"- കളക്ടര്‍ പറഞ്ഞു.

ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം വിളിച്ചു ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇന്ന്  വൈകീട്ട് 7:45 ഓടെയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ അവധി പ്രഖ്യാപിച്ചതായി വൈകുന്നേരം ആറ് മണിയോടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പോസ്റ്ററുകൾ വ്യാജമാണ്. വ്യാജ വാർത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു.

മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. പിഎസ്‌സി, യൂണിവേഴ്സിറ്റി പരീക്ഷകൾ, കൂടിക്കാഴ്ചകൾ മുൻനിശ്ചയപ്രകാരം നടക്കും. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ പിന്നീട് ക്രമീകരിക്കണമെന്നും ജില്ലാ കലക്ടർ നിർദേശം നൽകി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News