'42 കിലോഗ്രാം എങ്ങനെ 38 ആയി?'; ശബരിമലയിലെ സ്വർണപാളിയുടെ ഭാരം കുറഞ്ഞതിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതി
റിപ്പോർട്ട് മൂന്നാഴ്ചക്കകം കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു
കൊച്ചി: ശബരിമലയിലെ ദ്വാരപാലകശിൽപ്പത്തിലെ സ്വര്‍ണപാളിയുടെ ഭാരം കുറഞ്ഞതിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതി.42 കിലോ സ്വർണം 38 കിലോ ആയി കുറഞ്ഞത് എങ്ങനെയെന്ന് കോടതി ചോദിച്ചു. നാല് കിലോ കുറഞ്ഞത് എങ്ങനെയാണെന്ന സത്യം പുറത്ത് വരണമെന്നും കോടതി പറഞ്ഞു. വിജിലൻസ് ഓഫീസർക്കാണ് അന്വേഷണ ചുമതല .റിപ്പോർട്ട് മൂന്നാഴ്ചക്കകം കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു.
2019 ൽ സ്വര്‍ണപാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ, ഭരണതലത്തിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്നും ഹൈക്കോടതി പറഞ്ഞു. 2019ൽ സ്വര്‍ണപാളിയുമായുള്ള യാത്രയിലും കോടതി ദുരൂഹത ഉന്നയിച്ചു.ശ്രീകോവിലിലെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. സ്വര്‍ണപാളിയുടെ സ്‌പോൺസർക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥർ ആരും തന്നെ പോയില്ലെന്നതും കോടതി കുറ്റപ്പെടുത്തി.
ഒരു മാസത്തിലേറെ സമയമെടുത്താണ് സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. തൂക്കം രേഖപ്പെടുത്തിയപ്പോൾ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. തൂക്കം രേഖപ്പെടുത്താതിരുന്നത് മനഃപൂർവമാകാമെന്നും പൊരുത്തക്കേടുകൾ ഭയപ്പെടുത്തുന്നതാണെന്നും സമഗ്രവും വിശദവുമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.
മഹസറിൽ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയത്. സ്വര്‍ണപാളികൾ എന്നത് ചെമ്പ് തകിടുകൾ എന്ന് മനഃപൂർവം രേഖപ്പെടുത്തി. വസ്തുതകൾ പുറത്തുവരാതിരിക്കാനുള്ള നീക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കാണിക്കയായി ഭക്തർ നാണയങ്ങൾ എറിയുന്നത് മൂലം ദ്വാരപാലക ശില്പങ്ങൾക്ക് കേടുപറ്റിയതിനാലാണ് അറ്റകുറ്റപ്പണി വേണ്ടിവന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്പോൺസറുടെ ചിലവിൽ അറ്റകുറ്റപ്പണി നടത്തുന്നതെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് ഇളക്കിമാറ്റി അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപാളികൾ അടിയന്തരമായി തിരികെ എത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സ്വർണ പാളി ഉരുക്കിയതിനാൽ, തിരികെ കൊണ്ടുവരുന്നത് പ്രതിസന്ധിയാണെന്നും ബോർഡ് കോടതിയെ അറിയിച്ചു. ഇതോടെ അടിയന്തരമായി ഇവ എത്തിക്കേണ്ടതില്ലെന്ന് കോടതി നിലപാടെടുത്തു. അനുമതി തേടാതെ സ്വർണപാളികൾ ഇളക്കി മാറ്റിയതിൽ ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് മാപ്പപേക്ഷിച്ചിരുന്നു.