'ഇങ്ങനെ പോയാൽ അടുത്ത മണ്‍സൂണ്‍ സീസണിൽ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങും'; വിമര്‍ശനവുമായി ഹൈക്കോടതി

ഹോട്ടൽ മാലിന്യം കാനകളിലേക്ക് ഒഴുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി

Update: 2023-10-05 14:03 GMT
Editor : Lissy P | By : Web Desk

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. എം.ജി റോഡിലെ കാനകൾ അടിയന്തരമായി വൃത്തിയാക്കാൻ കോടതി ഉത്തരവിട്ടു. ഹോട്ടൽ മാലിന്യം കാനകളിലേക്ക് ഒഴുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

കഴിഞ്ഞ ആഴ്ച തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിന് കാരണം കാനകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതാണെന്നാണ് അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ. കാനയിൽ മാലിന്യം തള്ളുന്നവർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും എംജി റോഡിലെ കാനകൾ അടിയന്തരമായി വൃത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Advertising
Advertising

മാധവ ഫാർമസി ജംഗ്ഷൻ മുതൽ ഡിസിസി ജംഗ്ഷൻ വരെയുള്ള കാനകൾ വൃത്തിയാക്കാനാണ് നിർദേശം. റെയിൽവെ പാളത്തിന് കീഴിലെ കലുങ്കുകൾ വൃത്തിയാക്കാനും ഹൈക്കോടതി നിർദേശം നൽകി. കലുങ്കുകൾ വൃത്തിയാക്കാത്ത റെയിൽവെയെ രൂക്ഷമായാണ് ഹൈക്കോടതി വിമർശിച്ചത്. അത് ചെയ്യും, ഇത് ചെയ്യും എന്ന് പറയുന്നതല്ലാതെ റെയിൽവേ ഒന്നും ചെയ്യുന്നില്ല എന്നായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തൽ. കാര്യങ്ങൾ ഇതുപോലെ പോയാൽ അടുത്ത മണ്‍സൂണ്‍ സീസണിൽ നഗരം വെള്ളത്തിൽ മുങ്ങുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നൽകി. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്ന കാര്യത്തിൽ നഗരസഭ ഹെൽത്ത് ഓഫീസർക്ക് നിശബ്ദനായിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News