ഫ്രഷ്‌കട്ട് സമരം; പ്ലാൻ്റ് പ്രവർത്തിപ്പിക്കാൻ പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

കേസിലെ പ്രതികൾ ഫ്രഷ് കട്ട് സ്ഥാപനത്തിൻ്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കുന്നത് കോടതി വിലക്കി

Update: 2025-11-08 05:31 GMT

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പ്രവർത്തിക്കാൻ പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി. പ്ലാന്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് പറഞ്ഞ കോടതി സുരക്ഷ ഒരുക്കാൻ റൂറൽ എസ്.പിക്ക് നിർദേശം നൽകി. ജില്ലയിലെ ഏക അറവുമാലിന്യപ്ലാന്റ് പ്രവർത്തിക്കേണ്ടത് പൊതുവാവശ്യം. പ്ലാൻ്റ് പ്രവർത്തിക്കുമ്പോൾ പരിശോധന നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർദേശം.

കേസിലെ പ്രതികൾ ഫ്രഷ് കട്ട് സ്ഥാപനത്തിന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കുന്നത് കോടതി വിലക്കി.  ഇക്കാര്യം ജില്ലാ പോലീസ് മേധാവി ഉറപ്പാക്കണം.  പ്ലാൻ്റ് പ്രവർത്തിക്കാൻ ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ റൂറൽ പൊലീസ് മേധാവിക്ക് നിർദേശം. നേരത്തെയുള്ള പോലീസ് സംരക്ഷണത്തിനു പുറമേയാണിത്. ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തിന് തടസ്സം നിൽക്കുകയോ നിയമം കൈയ്യിലെടുക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി. ഫ്രഷ് കട്ട് സ്ഥാപന അധികൃതരുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്ലാൻ്റിൽ മലിനീകരണ പ്രശ്നമുണ്ടോയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തണം. രണ്ടാഴ്ച്ചയ്ക്കുള്ളിൽ, PCB ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകണമെന്നും കോടതി. ഹരജി നവംബർ 21 ന് വീണ്ടും പരിഗണിക്കും

Advertising
Advertising

അതേസമയം ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ ജനകീയ സമരം പുനരാരംഭിച്ചു. താമരശ്ശേരി അമ്പലമുക്കിൽ ആരംഭിച്ച സമരപ്പന്തൽ എഴുത്തുകാരൻ എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. കമ്പനി അടച്ചുപൂട്ടും വരെ സമരമെന്ന നിലപാടിലാണ് സമരസമിതി.

ആറുവർഷം നീണ്ട സഹനസമരത്തിനൊടുവിൽ കഴിഞ്ഞ ദിവസം പ്രദേശവാസികൾ നടത്തിയ സമരം സംഘർഷത്തിലേക്ക് വഴി മാറിയ സാഹചര്യത്തിലാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ ശക്തമാക്കിയത്. കമ്പനി തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയ ജില്ലാ ഭരണകൂടം, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പൊലീസ് രാത്രികാല പരിശോധനകൾ സജീവമാക്കുകയും ചെയ്തു.

ഇതോടെയാണ് സമരമല്ലാതെ മാർഗമില്ലെന്ന നിലപാടിലേക്ക് പ്രദേശവാസികൾ എത്തിയത്. അടിച്ചമർത്തി കീഴ്പ്പെടുത്താനാവില്ലെന്നും കമ്പനി അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചുമാണ് വീണ്ടും സമരസമിതി പന്തൽ കെട്ടിയത്. പൊറുതിമുട്ടിയാണ് വീണ്ടും സമരത്തിനിറങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടിയുള്ള സമരം അധികാരികളുടെ കണ്ണുതുറപ്പിക്കാത്ത പശ്ചാത്തലത്തിൽ സമരം കലക്ടറേറ്റിലേക്ക് വ്യാപിപ്പിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത എം.എൻ കാരശ്ശേരി പറഞ്ഞു. പ്രശ്നം അവസാനിപ്പിച്ച് നീതി ലഭ്യമാക്കിയില്ലെങ്കിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുമെന്ന് സമരത്തിനെത്തിയ നാട്ടുകാർ മുദ്രാവാക്യം വിളിച്ചു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News