എസ്ഐആറിനെതിരെ കേരളം; സുപ്രിംകോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

എസ്ഐആറുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിൽ ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു

Update: 2025-11-13 07:42 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിൽ സുപ്രിംകോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.എസ്ഐആറുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിൽ ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

മേയ് മാസത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതിനാൽ തിരക്കുപിടിച്ച് എസ്ഐആർ നടപ്പിലാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സർക്കാർ വാദം സംസ്ഥാന സര്‍ക്കാരിന്‍റെ ഹരജിയില്‍ ഹൈക്കോടതി നാളെ ഉത്തരവിറക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ എസ്ഐ ആർ നടപടികൾ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥ ക്ഷാമം ഉൾപ്പെടെ പരിഗണിച്ച് എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റയും സംസ്ഥാന സർക്കാരിന്‍റെയും വാദം കേട്ട സിംഗിൾ ബെഞ്ച് ഹരജി നാളെ വിധി പറയാൻ മാറ്റി.

Advertising
Advertising

68000 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ഒരു ലക്ഷത്തി എഴുപത്തിയാറായിരം ഉദ്യോഗസ്ഥരെ തദ്ദേശ തെരഞ്ഞെടുപ്പിന് നിയോഗിക്കണം. എസ്ഐആർ നടപടികൾക്കായി 25,000 ഉദ്യോഗസ്ഥരെയും വേണം. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 20നകം പൂർത്തിയാക്കി പുതിയ ഭരണസമിതി നിലവിൽ വരേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പക്ഷേ മെയ് മാസത്തോടെയാണ് നടക്കുക. ഈ ഘട്ടത്തിൽ എസ് ഐ ആർ നടപടികൾ നീട്ടിവെക്കണമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത്.

എന്നാൽ മാർച്ച് മാസത്തോടെ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വരും എന്നും അതിനാൽ വേഗത്തിൽ എസ്ഐആർ പൂർത്തിയാക്കേണ്ടതുണ്ട് എന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. എസ് ഐ ആർ നീട്ടിവെക്കണം എന്ന് പറയുന്നത് പരോക്ഷമായി നടപടികൾ തടസ്സപ്പെടുത്തുകയാണ് എന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. എന്നാൽ എസ്ഐആറിൽ സർക്കാരിന് എതിർപ്പില്ലെന്നും, തദ്ദേശ തെരഞ്ഞെടുപ്പ് തടസ്സപ്പെടാതിരിക്കാൻ നടപടികൾ നീട്ടിവെക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സംസ്ഥാന സർക്കാർ മറുപടി നൽകി.

എസ്ഐആറുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ സുപ്രിം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സർക്കാരിനോട് ഹൈക്കോടതി പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദമായ വാദം കേട്ട ജസ്റ്റിസ് വി.ജി. അരുൺ, ഹരജി നാളെ വിധി പറയാൻ മാറ്റി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News