ഹിജാബ് നിരോധനം; ഹൈക്കോടതി വിധി ഭരണഘടനയ്ക്ക് എതിര്: പോപുലർ ഫ്രണ്ട്

ഇഷ്ടമുള്ള മതവിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യം നൽകുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ മൗലിക തത്വങ്ങളെ നിഷേധിക്കുകയാണ് കർണ്ണാടക ഹൈക്കോടതി ചെയ്തിട്ടുള്ളതെന്നു വാർത്താകുറിപ്പിൽ പറഞ്ഞു

Update: 2022-03-15 07:09 GMT
Advertising

ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥിനികൾ നൽകിയ ഹരജികൾ കർണാടക ഹൈക്കോടതി വിശാല ബെഞ്ച് തള്ളിയ നടപടി ഭരണഘടന തത്വങ്ങൾക്ക് എതിരാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കർണാടക ഹൈക്കോടതി വിധിയിലൂടെ സംഭവിച്ചിരിക്കുന്നതെന്നും ഇഷ്ടമുള്ള മതവിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യം നൽകുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ മൗലിക തത്വങ്ങളെ നിഷേധിക്കുകയാണ് കർണ്ണാടക ഹൈക്കോടതി ചെയ്തിട്ടുള്ളതെന്നും ഇദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു. ഭരണഘടനയിലും നീതി നിർവഹണ സംവിധാനങ്ങളിലും ജനങ്ങൾക്ക് ഉള്ള വിശ്വാസത്തെ തകർക്കാൻ ഈ വിധി കാരണമാവുമെന്നും ചൂണ്ടിക്കാട്ടി.

അധികാരം ഉപയോഗിച്ച് രാജ്യം മുഴുക്കെ ഹിന്ദുത്വ ഫാഷിസം ന്യൂനപക്ഷങ്ങളെ അരികുവൽക്കരിക്കാനും രണ്ടാംകിട പൗരന്മാരാക്കാനും ആസൂത്രിത നീക്കം നടത്തുകയാണ്. ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളിൽ പോലും കൈ കടത്തി അവരുടെ ചിഹ്നങ്ങളേയും സംസ്‌കാരത്തേയും ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ അതിനെ സാധൂകരിക്കുന്ന വിധി പ്രസ്താവമാണ് കോടതികളിൽ നിന്നുണ്ടാവുന്നത് -അദ്ദേഹം പറഞ്ഞു.

ഈ വിധി രാജ്യത്തെ അത്യന്തികമായി അരക്ഷിതാവസ്ഥയിലേക്കാണ് കൊണ്ടെത്തിക്കുകയെന്നും നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത വീണ്ടെടുക്കാൻ മേൽക്കോടതി ഈ വിധി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു.

Hijab ban; High Court verdict unconstitutional: Popular Front

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News