ലേബര്‍ ഓഫീസറുടെ മുന്നില്‍ വെച്ച് ആശുപത്രി ഉടമ മർദിച്ചെന്ന് നഴ്‌സുമാർ; പരിക്കേറ്റവരിൽ ഏഴുമാസം ഗർഭിണിയും

പരിക്കേറ്റ നാല് പേരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2023-07-27 13:10 GMT
Editor : Lissy P | By : Web Desk
Advertising

തൃശൂര്‍: തൃശൂരിൽ ആശുപത്രി ഉടമ മർദ്ദിച്ചുവെന്ന് നഴ്സുമാരുടെ പരാതി. നൈൽ ആശുപത്രി എംഡിക്കെതിരെയാണ് നഴ്സുമാർ പരാതിയുമായി രംഗത്ത് വന്നത്. മര്‍ദനമേറ്റവരില്‍ ഏഴുമാസം ഗര്‍ഭിണിയായ സ്റ്റാഫ് നഴ്സും ഉള്‍പ്പെടുന്നുണ്ട്. പരിക്കേറ്റ  നാല് പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നൈൽ ആശുപത്രിയില്‍ ഏഴ് വര്‍ഷമായി 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നതെന്ന് നഴ്സുമാര്‍ പറയുന്നു. ഇതിനെതിരെ സമരം നടത്തിയതിനെ തുടർന്ന് ഏഴ് നഴ്സുമാരെ പിരിച്ച് വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ വെച്ച് നടന്ന ചർച്ചക്കിടെ ആശുപത്രി ഉടമ മർദിച്ചുവെന്നാണ് ആരോപണം. ഒരു നോട്ടീസും തരാതെ ടെർമിനേറ്റ് ചെയ്തെന്നാണ് നഴ്സുമാര്‍ പറയുന്നത്.

ലേബർ ഓഫീസർ വിളിച്ചു ചര്‍ച്ചയ്ക്കിടെ ആശുപത്രി എംഡി, നഴ്സുമാരെ തള്ളി മാറ്റി ഇറങ്ങി പോവുകയും നിലത്ത് വീണ ഗര്‍ഭിണിയായ നഴ്സിനെ ചവിട്ടുകയും ചെയ്തുവെന്നാണ് ആരോപണം.അവിടെയിരുന്ന ഒരു നഴ്‌സിന്റെ കഴുത്ത് പിടിച്ച് ഞെരിച്ചെന്നും മറ്റൊരു നഴ്‌സിന്റെ കൈ പിടിച്ചു തിരിച്ചെന്നും പരാതിയില്‍ പറയുന്നു.

അതേ സമയം നഴ്സുമാരെ മർദ്ദിച്ചിട്ടില്ലെന്നും തർക്കം രൂക്ഷമായതോടെ ഇറങ്ങി പോവുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി എം.ഡി ഡോ. അലോക് പ്രതികരിച്ചു. ആശുപത്രി എം ഡി ക്കെതിരെ നഴ്സുമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News