ശബരിമലയിൽ ഇന്നും വൻ തിരക്ക്; സന്നിധാനത്ത് രണ്ടുദിവസത്തിനിടെ എത്തിയത് ഒന്നരലക്ഷം പേർ

ഇന്ന് ഉച്ചവരെ 45,000 ത്തിലധികം അയ്യപ്പഭക്തനാണ് പതിനെട്ടാംപടി ചവിട്ടിയത്

Update: 2023-12-21 11:33 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: ശബരിമലയിൽ ഇന്നും വൻ തിരക്ക് അനുഭവപ്പെട്ടു.  പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള പാതയിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തി. നിലക്കലിലേക്കുള്ള വാഹനഗതാഗതത്തിലെ നിയന്ത്രണത്തിൽ ഉച്ചയോടെ ഇളവ് വരുത്തി. ഇന്നലെയും ഇന്നുമായി ഒന്നര ലക്ഷം തീർഥാടകരാണ് ദർശനം നടത്തിയത് 

സന്നിധാനം മുതൽ അപ്പാച്ചിമേട് വരെയാണ് വരെയാണ് ഇപ്പോൾ തീർഥാടകരുടെ നിര.പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ ഇന്നലെ അർധരാത്രി മുതൽനിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും രാവിലെയോടെ സന്നിധാനം തീർഥാടകരെ കൊണ്ട് നിറഞ്ഞു . ഇതോടെ വീണ്ടും പമ്പ സന്നിധാന പാതയിൽ നിയന്ത്രണം കൊണ്ടുവന്നു. ശബരി പീഠത്തിനും പമ്പയ്ക്കുമിടയിൽ മൂന്നിടങ്ങളിൽ വടംകെട്ടി ഘട്ടം ഘട്ടമായാണ് തീർഥാടകരെ മലകയറ്റുന്നത്.

ഇവിടെ നിന്നും സന്നിധാനത്തേക്ക് എത്താൻ പത്തുമണിക്കൂറിലേറെ സമയം എടുക്കുന്നുണ്ട്. എരുമേലി വഴിയും ളാഹവഴിയും നിലക്കലിലേക്കുള്ള പാതയിൽ ഏർപ്പെടുത്തിയ വാഹന നിയന്ത്രണത്തിൽ ഇളവ് വരുത്തി.പമ്പയിൽ തീർഥാടകർ നിറഞ്ഞു. മൂന്നു മണിക്കൂറോളം  പമ്പയിലും തീർഥാടകർക്ക് കാത്തു നിൽക്കേണ്ടി വരുന്നുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഇന്നലെയായിരുന്നു. ഇന്നലെ മാത്രം മലകയറിയത് ഒരു ലക്ഷത്തിന് മുകളിൽ തീർഥാടകരാണ്. ഇന്ന് ഉച്ചവരെ 45,000 ത്തിലധികം അയ്യപ്പഭക്തനാണ് പതിനെട്ടാംപടി ചവിട്ടിയത്.

പതിനെട്ടാം പടിയിൽ ഇന്നും 4500 അധികം പേരെയാണ് ഒരു മണിക്കൂറിൽ പടികയറാൻ പൊലീസ് സഹായിക്കുന്നത്. സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയം ആണെങ്കിലും ശബരിമല സന്നിധാനം ലക്ഷ്യമാക്കിയുള്ള ഭക്തജനപ്രവാഹം തുടരുകയാണ്. സ്കൂൾ അവധി തുടങ്ങിയതോടെ കുട്ടികളായ അയ്യപ്പഭക്തർ കൂടുതലായി ദർശനത്തിന് എത്തുന്നുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News