Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പത്തനംതിട്ട: പത്തനംതിട്ട ചെറുകോൽപ്പുഴയിൽ കോൺഗ്രസ് പ്രാദേശിക നേതാവ് മലേഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയെന്ന് പരാതി. കോൺഗ്രസ് വാർഡ് പ്രസിഡന്റ് എം.എം വർഗീസിനും സഹോദരൻ ജോസിനുമെതിരെയാണ് മലേഷ്യയിൽ നിന്ന് രക്ഷപ്പെട്ടു വന്നവർ പരാതി നൽകിയത്.
ശമ്പളമില്ലാതെ മാസങ്ങളോളം ജോലി ചെയ്യിച്ചുവെന്നും വിസക്കെന്ന പേരിൽ വൻ തുക പലരിൽ നിന്നായി കൈപ്പറ്റിയെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം തൊടുപുഴ സ്വദേശികൾ വർഗീസിനെ മർദിച്ചിരുന്നു. പിന്നാലെ ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയരുകയായിരുന്നു.
തൊടുപുഴ സ്വദേശികളും പ്രാദേശിക സിപിഎം പ്രവർത്തകരുമായി ചേർന്ന് മർദിച്ചു എന്നായിരുന്നു വർഗീസിന്റെ പരാതി. കയർ കെട്ടി വലിച്ചുകൊണ്ട് പോയി രണ്ട് മണിക്കൂറിൽ അധികം മർദിച്ചുവെന്നാണ് വർഗീസ് പറയുന്നത്.ആൾക്കൂട്ട വിചാരണയ്ക്ക് കോയിപ്രം പൊലീസ് ഒത്താശ ചെയ്തെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സിപിഎം തള്ളുകയായിരുന്നു.