'എനിക്കറിയാം എന്‍റെ ഫോൺ ടാപ്പ് ചെയ്യപ്പെടുന്നുണ്ടെന്ന്. അത് തിരുവനന്തപുരത്താണോ ഡൽഹിയിലാണോ എന്നതാണ് അറിയേണ്ടത്'; വി.ഡി സതീശൻ
ഒരു രഹസ്യങ്ങളും ഇല്ലാത്ത കാലത്ത് ഒരു സ്വാതന്ത്ര്യവുമില്ലാത്ത കാലത്ത് ചിന്തിക്കാൻ പോലുമുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്
വി.ഡി സതീശൻ Photo| Facebook
തിരുവനന്തപുരം: എല്ലാവരും നിരീക്ഷണത്തിലായിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും തന്‍റെ ഫോൺ പോലും ടാപ്പ് ചെയ്യപ്പെടുന്നുണ്ടെന്ന് തനിക്കറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അത് തിരുവനന്തപുരത്താണോ ഡൽഹിയിലാണോ എന്നതാണ് അറിയേണ്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു സതീശന്‍റെ പ്രസംഗം.
''നമ്മളെല്ലാവരും നിരീക്ഷണത്തിലാണ്. ഒരു ഫോൺ പോലും ചെയ്യാൻ പറ്റില്ല. എനിക്കറിയാം ഞാൻ ഫോൺ ചെയ്യുമ്പോൾ എന്‍റെ ഫോൺ ടാപ്പ് ചെയ്യപ്പെടുന്നുണ്ടെന്ന്. അത് തിരുവനന്തപുരത്താണോ ഡൽഹിയിലാണോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. ഒരു രഹസ്യങ്ങളും ഇല്ലാത്ത കാലത്ത് ഒരു സ്വാതന്ത്ര്യവുമില്ലാത്ത കാലത്ത് ചിന്തിക്കാൻ പോലുമുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്.
ലോകത്തിലെ പല രാജ്യങ്ങളിലും ഏകാധിപതികളായ ഭരണാധികാരികൾ ഭരിക്കുന്ന സ്ഥലങ്ങളിലെല്ലാം ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിൽ ഉണ്ടായ കാര്യങ്ങളെല്ലാം 21-ാം നൂറ്റാണ്ടിന്‍റെ ഈ ആദ്യപകുതിയിലും ആവര്‍ത്തിക്കപ്പെടുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുട്ടിലിഴയുന്നവര്‍ക്കും വാഴ്ത്തുപാട്ടുകാര്‍ക്കും വലിയ പ്രസക്തിയുണ്ട്. ഇവര്‍ക്കാണ് എല്ലാ സൗകര്യങ്ങളും ഭരണകൂടം ഒരുക്കിക്കൊടുക്കുന്നത്. അല്ലാത്തവര്‍ പീഡിപ്പിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും എപ്പോഴും അവരുടെ പിറകെ ആളുകളെ അയക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്.
അത് നമ്മുടെ രാജ്യത്ത് മാത്രമല്ല, ലോകത്ത് എല്ലായിടത്തുമുണ്ട്. ആ രാജ്യത്തുണ്ടായ പ്രവണതകൾ നമ്മുടെ സംസ്ഥാനത്തുമുണ്ട്. മുഖ്യമന്ത്രി 'ഗോദി മീഡിയ' എന്ന് വിശേഷിപ്പിച്ച സംഭവം കേരളത്തിലുമുണ്ടെന്ന കരുതുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് ഞാൻ. നമ്മൾ തിരുത്തലുകൾക്ക് വിധേയരാകാൻ നിര്‍ബന്ധിതരാണ്. ലോകത്ത് ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ എന്താണ്? നമ്മൾ അത് മനസിലാക്കണം'' ഏഷ്യാനെറ്റ് ന്യൂസിൻ്റെ മുപ്പതാംവർഷ ആഘോഷ സംഗമത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.