ഐസി ബാലകൃഷ്‌ണൻ എംഎൽഎ നിയമസഭയിൽ; പ്രതിചേർക്കപ്പെട്ടതിന് ശേഷം പൊതുവേദിയിലെത്തുന്നത് ആദ്യം
ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിൽ ബാലകൃഷ്‌ണനെതിരെ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു, എംഎൽഎ ഒളിവിലാണെന്ന് വാർത്തകളും വന്നിരുന്നു
തിരുവനന്തപുരം: വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട ഐസി ബാലകൃഷ്‌ണൻ എംഎൽഎ നിയമസഭയിൽ. കേസിൽ പ്രതി ചേർത്തതിന് ശേഷം ആദ്യമായാണ് ഐസി ബാലകൃഷ്‌ണൻ പൊതുവേദിയിലെത്തുന്നത്.
ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യയിൽ ബാലകൃഷ്‌ണനെതിരെ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. എംഎൽഎ ഒളിവിലാണെന്ന് വാർത്തകളും വന്നിരുന്നു. കേസിൽ ഐസി ബാലകൃഷ്‌ണൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ജാമ്യപേക്ഷയിൽ ശനിയാഴ്‌ചയാണ് വിധി. സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.
കൽപറ്റ സെഷൻസ് കോടതിയാണ് വിധി പറയുക. കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും ആത്മഹത്യാക്കുറിപ്പ് പ്രധാന തെളിവാണെന്നും ആയിരുന്നു പ്രോസിക്യൂഷന്‍ വാദം. ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്നും ചില വരികള്‍ വെട്ടിയ നിലയിലാണെന്നും പ്രതിഭാഗവും വാദിച്ചു.
വിജയന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. താളൂര്‍ സ്വദേശി പത്രോസ്, മാളിക സ്വദേശി പുത്തന്‍ പുരയില്‍ ഷാജി ,പുല്‍പ്പള്ളി സ്വദേശി സായൂജ് എന്നിവര്‍ നല്‍കിയ സാമ്പത്തിക പരാതികളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവുണ്ട്.