റീട്ടെയിൽ കമ്പനികൾക്കുള്ള നിരക്കിൽ കെഎസ്ആർടിസിക്കും ഡീസൽ നൽകണമെന്ന് ഹൈക്കോടതി

ഇക്കാര്യം ആവശ്യപ്പെട്ടുള്ള കെഎസ്ആർടിസിയുടെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി എണ്ണക്കമ്പനികൾക്ക് നോട്ടീസയച്ചു

Update: 2022-04-13 09:43 GMT
Advertising

കൊച്ചി: റീട്ടെയിൽ കമ്പനികൾക്കുള്ള നിരക്കിൽ കെഎസ്ആർടിസിക്കും ഡീസൽ നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കെഎസ്ആർടിസിയുടെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി എണ്ണക്കമ്പനികൾക്ക് നോട്ടീസയച്ചു. വില നിശ്ചയിച്ചതിൽ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സ്വകാര്യ റീട്ടയെിൽ കമ്പനിക്ക് 91.72 രൂപക്ക് ഡീസൽ ലഭിക്കുമ്പോൾ കെഎസ്ആർടിസി 121.35 രൂപക്കാണ് നൽകിയിരുന്നത്. ബൾക്ക് യൂസർ എന്ന പേരിലാണ് എണ്ണ കമ്പനികൾ കെഎസ്ആർടിസിയിൽ നിന്ന് അധിക നിരക്ക് ഈടാക്കിയിരുന്നത്. ഇത്തരത്തിൽ സാധാരണ നിരക്കിനേക്കാൾ ലീറ്ററിന് ഇരുപത് രൂപയിലധികം അധിക നിരക്കിനാണ് കെഎസ്ആർടിസിക്ക് ഡീസൽ നൽകിയിരുന്നത്.

വൻകിട ഉപഭോക്താവാണെന്ന കാരണത്താൽ ഡീസലിന് എണ്ണക്കമ്പനികൾ ഉയർന്ന വില വാങ്ങുന്നത് പൊതുതാല്‍പര്യ വിരുദ്ധവും വിവേചനവുമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്‍റെ നയ തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന് എണ്ണക്കമ്പനികളും കോടതിയെ അറിയിച്ചു. എണ്ണക്കമ്പനികൾ ഡീസലിന് ഉയർന്ന വില വാങ്ങുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ പരിഗണനയിലുള്ളത്. സുപ്രീംകോടതി അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് കെ.എസ്.ആർ.ടി.സിക്കു വേണ്ടി ഹാജരായത്.

പൊതു സേവന മേഖലയിലുള്ള കെ.എസ്.ആർ.ടി.സിയോടു കൂടുതൽ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽ നിന്ന് കുറഞ്ഞ തുക വാങ്ങുകയും ചെയ്യുന്നത് ന്യായമല്ലെന്നു ദവെ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി മൂലം കെ.എസ്.ആർ.ടി.സി നാശത്തിന്‍റെ വക്കിലാണെന്നും ദുഷ്യന്ത് ദവെ വ്യക്തമാക്കി. ഇന്ധന വില നിയന്ത്രണങ്ങൾ 2014 ൽ കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതാണെന്നും നയ തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും എണ്ണക്കമ്പനികൾക്കു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ പരാഗ്. പി. ത്രിപാഠി വ്യക്തമാക്കി.ഐ.ഒ.സിയുൾപ്പെടെയുള്ള എണ്ണക്കമ്പനികൾക്ക് കെ.എസ്.ആർ.ടി.സി 123 കോടി രൂപ നൽകാനുണ്ട്. വൻ കുടിശിക നിലനിൽക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഇത്തരമൊരു വാദവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും അദ്ദേഹം വാദിച്ചു.


Full View


Interim order of Kerala High court to give diesel to KSRTC at retail rates

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News