വഖഫ് കയ്യടക്കാനുള്ള കേന്ദ്ര നിയമത്തിനെതിരെ ഐഎസ്എം പ്രതിഷേധം

‘രാജ്യത്തെ വഖ്ഫ് ഭൂമികള്‍ കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും കയ്യേറ്റക്കാര്‍ക്കും കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമായാണ് പുതിയ ഭേദഗതി’

Update: 2025-04-11 16:18 GMT

കോഴിക്കോട്: നൂറ്റാണ്ടുകളായി ഇന്ത്യന്‍ മുസ്‌ലിംകള്‍ സംരക്ഷിച്ചു പോരുന്ന വഖഫ് സ്വത്തുക്കളെ കയ്യടക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിയമ ഭേദഗതിക്കെതിരെ ഐഎസ്എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോടും എറണാകുളത്തും പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. രാജ്യത്തെ വഖ്ഫ് ഭൂമികള്‍ കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും കയ്യേറ്റക്കാര്‍ക്കും കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ അജണ്ടയുടെ ഭാഗമായാണ് പുതിയ ഭേദഗതി നിയമമെന്ന് ഐഎസ്എം കുറ്റപ്പെടുത്തി.

ഒരിക്കല്‍ വഖഫ് ചെയ്യപ്പെട്ട ഭൂമി എക്കാലവും വഖഫായി നിലനില്‍ക്കുമെന്നത് ഇന്ത്യയില്‍ ഒരു നൂറ്റാണ്ടിലേറെക്കാലമായി നിയമം വഴി അംഗീകരിച്ച കാര്യമാണ്. സുപ്രീംകോടതി വിധികളും അക്കാര്യം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ വഖഫ് ഭൂമി കയ്യേറിയവരെ സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വഖഫ് നിയമത്തിലൂടെ ശ്രമിക്കുന്നത്.

Advertising
Advertising

കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച റാലി കെഎന്‍എം മര്‍ക്കസുദ്ദഅവ സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി ഹാസില്‍ മുട്ടില്‍, വൈസ് പ്രസിഡന്റ് ഡോ. സുഫിയാന്‍ അബ്ദുസ്സത്താര്‍ എന്നിവര്‍ സംസാരിച്ചു.

എറണാകുളത്ത് ടൗണ്‍ഹാളിന് സമീപത്തുനിന്ന് ആരംഭിച്ച് വഞ്ചി സ്‌ക്വയറില്‍ സമാപിച്ച റാലി കെഎന്‍എം മര്‍ക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ ശാക്കിര്‍ ഉദ്ഘാടനം ചെയ്തു. ഐഎസ്എം സംസ്ഥാന ഉപാധ്യക്ഷന്‍ റിഹാസ് പുലാമന്തോള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് നുനൂജ് ആലുവ, സെക്രട്ടറി എം.എം ബുറാഷിന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News