മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

വണ്ടിയിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ല

Update: 2021-08-03 04:36 GMT
Editor : ijas
Advertising

മാധ്യമപ്രവർത്തകന്‍ കെ.എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം പൂർത്തിയാകുന്നു. മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതിന്‍റെ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ല. കൊലക്കേസ് പ്രതിയായ ശ്രീറാം ഇപ്പോഴും സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ഒന്നാം പ്രതിയായി ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമനേയും കൂട്ടു പ്രതിയായ വഫാ നജീമിനേയും ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. നരഹത്യ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫയും ഈ മാസം ഒന്‍പതിന് ഹാജരാകാന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തേക്കിറങ്ങി ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷികള്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസ് ആംബുലന്‍സില്‍ ബഷീറിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് ബഷീര്‍ മരണപ്പെടുകയായിരുന്നു. മദ്യലഹരിയില്‍ വാഹനമോടിച്ചിരുന്ന ശ്രീറാമിന്‍റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതടക്കം കേസ് അട്ടിമറിക്കാന്‍ പൊലീസ് ആദ്യഘട്ടം മുതല്‍ ശ്രമിച്ചത് വിവാദമായിരിന്നു. മാധ്യമമേഖലയില്‍ നിന്നടക്കമുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരിന്നു പിന്നീട് ശ്രീറാമിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നത്. തെളിവു നശിപ്പിക്കാന്‍ ശ്രീറാം ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Full View

കാറിന്‍റെ അമിത വേഗതയും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ള വസ്തുതയും ഉള്‍പ്പെടെ ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രത്തില്‍ നല്‍കിയിട്ടുള്ളത്. ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ അകാരണമായ ന്യായങ്ങള്‍ നിരത്തി കോടതിയില്‍ ഹാജരാകാതെ മാറി നില്‍ക്കാന്‍ ശ്രീറാം ശ്രമിച്ചതും വിവാദമായിട്ടുണ്ട്. അതിനിടെ ശ്രീരാം സര്‍വീസില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു. വിചാരണക്കൊടുവില്‍ ബഷീറിന് നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സ്നേഹിതരും

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News