റോഡിലെ കുഴികൾ അടച്ചിട്ട് മതി ഇനി ടോൾ പിരിവ്: വി.ഡി സതീശൻ

ദേശീയപാതയിലേയും പിഡബ്ല്യുഡി റോഡുകളിലേയും കുഴികളെക്കുറിച്ച് നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് പറഞ്ഞപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പരിഹസിക്കുകയായിരുന്നു. നിരുത്തരവാദപരമായ സമീപനമാണ് സർക്കാരിന്റേതെന്നും സതീശൻ പറഞ്ഞു

Update: 2022-08-06 11:35 GMT
Advertising

എറണാകുളം: കേരളത്തിലെ റോഡുകളിൽ കുഴികൾ നിറഞ്ഞ് അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് യാത്രക്കാർ ടോൾ നൽകുന്നത്. മുഴുവൻ കുഴികൾ നിറഞ്ഞ സംസ്ഥാനത്ത് റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ലെന്നും ഇക്കാര്യം തൃശൂർ എറണാകുളം കലക്ടർമാരോട് ആവശ്യപ്പെടുമെന്നും സതീശൻ പറഞ്ഞു. അങ്കമാലിയിൽ റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിശദീകരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദേശീയ പാതകളിൽ മാത്രമല്ല കുഴികളുള്ളതെന്നായിരുന്നു മറുപടി. ദേശീയപാതയിലേയും പിഡബ്ല്യുഡി റോഡുകളിലേയും കുഴികളെക്കുറിച്ച് നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് പറഞ്ഞപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പരിഹസിക്കുകയായിരുന്നു. നിരുത്തരവാദപരമായ സമീപനമാണ് സർക്കാരിന്റേതെന്നും സതീശൻ പറഞ്ഞു

'അങ്കമാലിയിലെ അപകടമരണം ദൗർഭാഗ്യകരമായ സംഭവമാണ്. ഇതൊരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴി അടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മഴക്കാലത്തിന് മുമ്പേ ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. അത് ഇപ്രാവശ്യം ചെയ്തില്ല. അതുകൊണ്ടാണ് ഇക്കാര്യം നിയമസഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. എന്നിട്ടും നടപടിയെടുത്തില്ല. മുമ്പ് കുഴിയടയ്ക്കാനുള്ള ക്രമീകരണം സർക്കാർ നേരിട്ടു ചെയ്യുമായിരുന്നു. ഇപ്പോൾ കരാറുകാരനാണ് അത് ചെയ്യേണ്ടത്. അങ്ങനെ വന്നപ്പോഴുണ്ടായ ഭരണപരമായ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. കേരളം മുഴുവൻ കുഴികളാണ്. ഇപ്പോൾ ഒരാളുടെ ജീവൻ പൊലിഞ്ഞു. നിരവധി ആളുകളാണ് അപകടത്തിൽപ്പെടുന്നത്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത രീതിയിലാണ് സർക്കാരിന്റെ പ്രതികരണം'- സതീശൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News