ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് പ്രവർത്തിക്കുന്നത് അനുവദിക്കാൻ ആകില്ല; എം.വി ഗോവിന്ദൻ

എന്തു തോന്നിവാസവും നടത്തി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കില്ലെന്ന് എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് എം.വി ഗോവിന്ദൻ പറഞ്ഞു

Update: 2025-07-08 13:52 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലായി എസ്എഫ്‌ഐ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരള സർവകലാശാല ആസ്ഥാനത്തെത്തി പൂർണപിന്തുണ അറിയിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച പ്രവർത്തിക്കുന്ന അനുവദിക്കാൻ ആകില്ലെന്നും എന്തു തോന്നിവാസവും നടത്തി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, കേരളത്തിൽ നടക്കുന്നത് എസ്എഫ്‌ഐ വേഴ്‌സസ് ഗവർണർ പോരാട്ടമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് വ്യക്തമാക്കി. ഗവർണർ നിയമിച്ച വിസിമാർക്കെതിരെ നാലുസർവകലാശാലകളിലേക്ക് എസ്എഫ്‌ഐ നടത്തിയ മാർച്ചിൽ സംസാരിക്കവെയാണ് പരാമർശം. സർവകലാശാലകളെ തകർക്കാനാണ് ആർഎസ്എസ് ശ്രമമെന്നും സംഘികളുടെ നീക്കം കേരളത്തിൽ അനുവദിക്കില്ലെന്നും ശിവപ്രസാദ് പറഞ്ഞു.

Advertising
Advertising

സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമമെന്നാരോപിച്ചാണ് സംസ്ഥാനത്തെ നാലുസർവകലാശാലകളിലേക്ക് എസ്എഫ്‌ഐ മാർച്ച് നടത്തിയത്. കേരളം തിരസ്‌കരിച്ച മുന്നണിയാണ് സർവകലാശാലകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത്. താൽക്കാലികക്കാരന് താൽക്കാലികക്കാരിയെ വെക്കുന്ന നടപടിയാണ് കേരള സർവകലാശാലയിൽ ഉണ്ടായത്. ചക്കിക്കൊത്ത ചങ്കരനാണ് സർവകലാശാലയിലെ വിസിമാരെന്നും ശിവപ്രസാദ് ആരോപിച്ചു.

നാലു വിസിമാർ സേവാഭാരതിയുടെ പരിപാടിക്ക് പങ്കെടുത്തു. ആർഎസ്എസിന്റെ കാര്യാലയത്തിൽ നിന്നല്ല ഗവർണർക്ക് ശമ്പളം നൽകുന്നതെന്നും മുഖ്യമന്ത്രിയാകാൻ നടന്ന് നിരാശനായ ആർലെക്കർ ആണ് കേരളത്തിലെ ഗവർണറെന്നും ശിവപ്രസാദ് പറഞ്ഞു. സമരത്തിൽ നിന്നും ഒരിഞ്ച് പിന്നോട്ട് പോകാൻ എസ്എഫ്‌ഐ തയാറല്ലെന്നും ശിവപ്രസാദ് വ്യക്തമാക്കി.

കേരള സർവകലാശാല ആസ്ഥാനത്തിനുള്ളിൽ പ്രവേശിച്ച എസ്എഫ്‌ഐ പ്രവർത്തകർ വിസിയുടെ ചേംബർ വരെയെത്തിയിരുന്നു. പൊലീസ് നോക്കി നിൽക്കെയാണ് പ്രവർത്തകർ ഉള്ളിൽ പ്രവേശിച്ചത്. കണ്ണൂർ, കോഴിക്കോട്, എംജി സർവകലാശാലകളിലേക്ക് നടന്ന മാർച്ചിലും സംഘർഷമുണ്ടായി. മറ്റന്നാൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് അറിയിച്ചു. പ്രതിഷേധം നിയന്ത്രിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയതായി ആരോപണമുണ്ട്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News