ഫണ്ട് പിരിവ്: നിര്‍ണായക തീരുമാനവുമായി മുസ്ലിം ലീഗ് നേതൃയോഗം, ലക്ഷ്യം നേടാത്ത ഘടകങ്ങള്‍ പിരിച്ചുവിടും

ഒരു മെംബര്‍ഷിപ്പിന് 200 രൂപ കണക്കാക്കിയാണ് മുപ്പത് കോടി പിരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്

Update: 2022-05-21 11:21 GMT
Advertising

കോഴിക്കോട് : മുപ്പത് കോടി രൂപ ലക്ഷ്യമിട്ട് തുടങ്ങിയ പ്രവര്‍ത്തന ഫണ്ട് കളക്ഷനില്‍ ലക്ഷ്യം തികയ്ക്കാത്ത ശാഖാ,പഞ്ചായത്ത്, മണ്ഡലം, ജില്ലാ ഘടകങ്ങളുടെ ഭാരവാഹികളെ നീക്കാന്‍ മുസ്ലിം ലീഗ് നേതൃയോഗത്തില്‍ തീരുമാനം. സംസ്ഥാന അധ്യക്ഷൻ സ്വാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടി നിര്‍ണായക തീരുമാനമെടുത്തത്.

ഫണ്ട് ശേഖരണ കാംപയിന്‍ അവസാനിക്കുന്ന മെയ് 31 ന് ശേഷം ഓരോ ഘടകങ്ങളുടെയും പ്രവര്‍ത്തനം വിലയിരുത്തി വീഴ്ച വരുത്തിയ ഘടകങ്ങളുടെ ചുമതലക്കാരെ മാറ്റും. ഇക്കാര്യം തീരുമാനിച്ച നേതൃയോഗത്തില്‍ ജനറല്‍ സെക്രട്ടറി പിഎംഎ സലാം പങ്കെടുത്തിരുന്നില്ല. വിദേശത്തായിരുന്ന സലാമിനെ യോഗത്തില്‍ വെച്ച് തന്നെ സാദിഖലി തങ്ങള്‍ ഫോണില്‍ വിളിക്കുകയും തീരുമാനം കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

ഫണ്ടിനായി അഞ്ഞൂറ് പേരെയെങ്കിലും ഒരു ശാഖാ കമ്മിറ്റി സമീപിച്ചിരിക്കണം. ടാര്‍ഗറ്റിന്റെ അമ്പത് ശതമാനമെങ്കിലും പൂര്‍ത്തീകരിക്കണം. രണ്ടിലും പരാജയപ്പെടുന്ന ശാഖാ ഭാരവാഹികളെ നിലനിര്‍ത്തേണ്ടതില്ല എന്ന തീരുമാനം ഐക്യകണ്ഠേനയാണ് യോഗം എടുത്തത്. പാര്‍ട്ടി ഗൗരവത്തോടെ ഏല്‍പ്പിച്ച ഒരു ചുമതല ഏറ്റെടുക്കാന്‍ കഴിയാത്ത ഘടകങ്ങളെ വെച്ച് മെംബര്‍ഷിപ്പ് പ്രവര്‍ത്തനം നടത്താനാകില്ലെന്നും യോഗം വിലയിരുത്തി. പാര്‍ട്ടിയുടെ ശാഖാ കമ്മിറ്റികളില്‍ ബഹുഭൂരിഭാഗവും നിര്‍ജ്ജീവമാണെന്നും പലയിടത്തും സംവിധാനമില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരു മെംബര്‍ഷിപ്പിന് 200 രൂപ കണക്കാക്കിയാണ് മുപ്പത് കോടി പിരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടിയുടെ ഓരോ ഘടകത്തിനും കൃത്യമായ ടാര്‍ഗറ്റ് നിശ്ചയിക്കുക മാത്രമല്ല, ഓരോ ശാഖയിലും പിരിക്കുന്ന തുകയും നല്‍കുന്ന വ്യക്തിയുടെ പേരും രേഖപ്പെടുത്തുന്ന ഹദിയ ഐയുഎംഎല്‍ ( HADIYA IUML) എന്ന ആപ്പും ഉണ്ടാക്കി. ഒന്നരമാസം പൂര്‍ത്തിയാകുമ്പോള്‍ ആറരക്കോടി രൂപ മാത്രമാണ് ശേഖരിക്കാനായത്.

സംസ്ഥാന ഭാരാഹികളും എംഎല്‍എമാരും എംപിമാരും അംഗങ്ങളായ ശാഖകളില്‍ പോലും ഒരു മാസം വരെ ഒരു രൂപ പോലും പിരിക്കാത്ത സാഹചര്യുണ്ടായി. അവലോകന യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന നേതൃത്വം വടിയെടുത്തതോടെയാണ് പല ജില്ലാ നേതൃത്വങ്ങളും അനങ്ങിയത്.

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന വിപ്ലവകരമായ തീരുമാനം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് മുസ്ലിം ലീഗ് നടപ്പാക്കിയത്. സാദിഖലി തങ്ങളുടെ കണിശമായ നിലപാട് കാരണമാണ് ശക്തമായ സമ്മര്‍ദ്ധം മറികടന്നും ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ നേതൃത്വത്തെ സഹായിച്ചത്. സമാനമായ കാർക്കശ്യത്തോടെ തന്നെ ഫണ്ട് സമാഹരണ യത്നത്തെയും സമീപിക്കുകയാണ് ലീഗ് നേതൃത്വം ഇപ്പോൾ.

മെയ് 21 (ശനിയാഴ്ച) വരെയുള്ള കണക്കുകള്‍ പ്രകാരം മൂന്ന് കോടി രൂപ പിരിച്ച മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 35 ലക്ഷം രൂപ വീതം മാത്രമാണ് കോഴിക്കോട് , കണ്ണൂര്‍ ജില്ലകള്‍ക്ക് പിരിക്കാനായത്.

മറ്റു ജില്ലകളും പോഷക ഘടകങ്ങളും പിരിച്ച തുക

പാലക്കാട്- 41 ലക്ഷം

കാസര്‍ഗോഡ് - 19 ലക്ഷം

എറണാകുളം -22 ലക്ഷം

തൃശൂര്‍ 13 ലക്ഷം

തിരുവനന്തപുരം - 5.5 ലക്ഷം

ആലപ്പുഴ - 8.5 ലക്ഷം

കോട്ടയം - 4.7 ലക്ഷം

പത്തനംതിട്ട - 1.5 ലക്ഷം

ഇടുക്കി - 2.6 ലക്ഷം

കൊല്ലം - 6.3 ലക്ഷം

വയനാട് - 10.5 ലക്ഷം

പോഷക സംഘടനകള്‍

ചെന്നൈ കെഎംസിസി - 0.00

സൗദി കെഎംസിസി - 19.8 ലക്ഷം

യുഎഇ കെഎംസിസി - 45 ലക്ഷം

ഡല്‍ഹി കെ എംസിസി - 1000 രൂപ

ബംഗളൂരു കെഎംസിസി - 0.00

ഒമാന്‍ കെഎംസിസി - 60,000 രൂപ

ബഹ്റൈന്‍ കെഎംസിസി - 5501

കേരള ലോയേഴ്സ് ഫോറം - 1,000 രൂപ

കുവൈത്ത് കെഎംസിസി - 4.3 ലക്ഷം

യൂണിയന്‍ ഓഫ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് - 13,000 രൂപ

മാഹി - 3,000

ഖത്തര്‍ കെഎംസിസി - 1 ലക്ഷം

Tags:    

Writer - abs

contributor

Editor - abs

contributor

By - രാഷ്ട്രീയകാര്യ ലേഖകന്‍

contributor

Similar News