മലബാറിൽ ആവശ്യമായ ഹയർസെക്കൻഡറി സീറ്റുകൾ ഉറപ്പുവരുത്തണം - ജമാഅത്തെ ഇസ്‌ലാമി

ന്യായമായ ആവശ്യങ്ങളോട് വകുപ്പുമന്ത്രിയും സർക്കാറും നിഷേധാത്മകമായി പ്രതികരിക്കുന്നത് ഗുണകരമല്ലെന്നും ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ പി. മുജീബുറഹ്മാൻ

Update: 2024-05-21 16:01 GMT

കോഴിക്കോട്: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പൂർത്തിയാക്കി ഉന്നതപഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർഥികൾക്കും പഠനത്തിനാവശ്യമായ സൗകര്യമേർപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാർഥികളും ഹയർ സെക്കൻഡറി പഠനമാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ, മലബാറിലെ മിക്ക ജില്ലകളിലും ഇതിനാവശ്യമായ ഹയർസെക്കൻഡറി സീറ്റുകൾ ലഭ്യമല്ല. കൂടുതൽ സീറ്റുകൾ ലഭ്യമാക്കണമെന്ന് വർഷങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഹയർ സെക്കൻഡറി പ്രവേശനം അസാധ്യമാകുന്നത് ഇത്തരം ജില്ലകളിലെ ഉന്നതപഠനമേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാക്കും. ഇക്കാര്യം സർക്കാർ ഗൗരവത്തിലെടുക്കണം.

Advertising
Advertising

സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും കൂടുതൽ ബാച്ചുകളും അധ്യാപക തസ്തികകളും അനുവദിക്കണം. ഒരേ ബാച്ചിൽ തന്നെ ക്രമാതീതമായി സീറ്റുകൾ വർധിപ്പിക്കുന്ന നടപടി പരിഹാരമല്ല. അക്കാദമിക നിലവാരം താഴോട്ട് പോകാനെ അതുപകരിക്കൂ. ഇതര ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ ശാസ്ത്രീയമായി സംസ്ഥാനത്ത് വിന്യസിക്കണം. നിശ്ചിത ഭൂപ്രദേശത്തുള്ളവർക്ക് വിദ്യാഭ്യാസ അവസരങ്ങളുടെ നിഷേധിക്കപ്പെടുന്നത് സമൂഹത്തിൽ അന്യതാബോധവും അതൃപ്തിയും വളരാൻ കാരണമാകുമെന്നും ന്യായമായ ആവശ്യങ്ങളോട് വകുപ്പുമന്ത്രിയും സർക്കാറും നിഷേധാത്മകമായി പ്രതികരിക്കുന്നത് ഗുണകരമല്ലെന്നും ജമാഅത്ത് അമീർ ചൂണ്ടിക്കാട്ടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News