പദവി ഒഴിയുക എന്നാൽ വിരമിക്കുക എന്നല്ല അർഥം; രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുമെന്ന് ജെയിംസ് മാത്യു

'ഏതെങ്കിലും കമ്മിറ്റിയിൽ പ്രവർത്തിക്കുന്നതല്ല സജീവ രാഷ്ട്രീയ പ്രവർത്തനം'

Update: 2022-04-27 06:28 GMT
Advertising

കണ്ണൂർ: സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജെയിംസ് മാത്യു. സിപിഎം ജില്ലാ കമ്മിറ്റി അംഗമായി തുടരും. പാർട്ടിയുടെ അനുമതിയോടെ ജനകീയ പഠന ഗവേഷണ കേന്ദ്രവുമായി മുന്നോട്ട് പോകുമെന്ന് ജെയിംസ് മാത്യൂ അറിയിച്ചു. ഏതെങ്കിലും കമ്മിറ്റിയിൽ പ്രവർത്തിക്കുന്നതല്ല സജീവ രാഷ്ട്രീയ പ്രവർത്തനം. അതുപോലെ പദവി ഒഴിയുക എന്നാൽ വിരമിക്കുക എന്നല്ല അർഥം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാകാനുള്ള ജെയിംസ് മാത്യുവിന്റെ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. സ്വയം ആവശ്യപ്പെട്ടത്പ്രകാരമായിരുന്നു ജെയിംസ് മാത്യുവിനെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്. പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ഭാഗമായി ജെയിംസ് മാത്യു തുടരട്ടെ എന്നായിരുന്നു സിപിഎമ്മിന്റെ തീരുമാനം. ഇന്നലെ കണ്ണൂരിൽ ജില്ലാ നേതൃയോഗത്തിനെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ജെയിംസ് മാത്യു കൂടികഴ്ച നടത്തിയിരുന്നു.

സിപിഎമ്മിന്റെ സംസ്ഥാനത്തെ ന്യൂനപക്ഷ നേതാക്കളിൽ പ്രമുഖനായിരുന്നു ജെയിംസ് മാത്യു. അടിയന്തരാവസ്ഥ കാലത്ത് എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ജെയിംസ് മാത്യു എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സെക്രട്ടറി, അഖിലേന്ത്യാ ജോയിൻ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വിദ്യാർഥി സമര വേദികളിൽ പല തവണ പൊലീസിന്റെ ക്രൂര മർദനം ഏറ്റു വാങ്ങിയിട്ടുണ്ട്.1987 ലും 2006 ലും ഇരിക്കൂറിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011 ലും 2016 ലും തളിപ്പറമ്പിൽ നിന്നും നിയമസഭയിലെത്തിയ ജെയിംസ് മാത്യു മികച്ച സംഘടകൻ എന്ന നിലയിലും ശ്രദ്ധേയനാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News