'വഖഫ് ട്രൈബ്യൂണൽ ജനാധിപത്യവിരുദ്ധം'; വഖഫ് ഭേദഗതി ബില്ലിൽ ഇടത് നിലപാടിന് വിരുദ്ധമായി രണ്ട് വ്യവസ്ഥകളെ പിന്തുണച്ച് ജോസ് കെ. മാണി

വഖഫ് ബോർഡ് തീരുമാനങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥയെ അംഗീകരിക്കുന്നുവെന്ന് ജോസ് കെ. മാണി പാർലമെന്റിൽ പറഞ്ഞു.

Update: 2025-04-05 09:10 GMT

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിന്റെ ചർച്ചക്കിടെ രാജ്യസഭയിൽ ഇടത് നിലപാടിന് വിരുദ്ധമായി രണ്ട് വ്യവസ്ഥകളെ പിന്തുണച്ച് എൽഡിഎഫ് എംപിയായ ജോസ് കെ. മാണി. വഖഫ് ഭേദഗതി ബില്ലിനെ പൊതുവായി എതിർക്കുകയാണെങ്കിലും ബില്ലിലെ 20, 35 വകുപ്പുകളെ പിന്തുണയ്ക്കുന്നുവെന്ന് രാജ്യസഭയിലെ പ്രസംഗത്തിൽ ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. 9, 11 വകുപ്പുകളെ ശക്തമായി എതിർക്കുന്നുവെന്നും ജോസ് പറഞ്ഞിരുന്നു.

വഖഫ് ബോർഡ് തീരുമാനങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥയെ അംഗീകരിക്കുന്നുവെന്ന് ജോസ് കെ. മാണി പാർലമെന്റിൽ പറഞ്ഞു. നിലവിൽ ഇന്ത്യയിലെ വഖഫ് ബോർഡുകൾ അസാധാരണ സ്വയംഭരണാധികാരത്തോടെയാണ് പ്രവർത്തിക്കുന്നത്. കുറഞ്ഞ ഉത്തരവാദിത്തത്തോടെ ഏത് ഭൂമിയും വഖഫ് സ്വത്തായി ഉപയോഗിക്കാനുള്ള അധികാരം അവർക്കുണ്ട്. ഇതിന്റെ തെളിവാണ് മുനമ്പം പ്രശ്‌നം. തലമുറകളായി നികുതിയടച്ച് അവിടെ താമസിക്കുന്ന 610 കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണെന്നും ജോസ് കെ. മാണി പറഞ്ഞു.

Advertising
Advertising

നിലവിൽ വഖഫ് ബോർഡിന്റെ അവകാശവാദം സംബന്ധിച്ച ഏത് തർക്കത്തിലും തീരുമാനമെടുക്കുന്നത് വഖഫ് ട്രൈബ്യൂണൽ ആണ്. ഇത് പലപ്പോഴും വഖഫ് ബോർഡിന് അനുകൂലമായിട്ടായിരിക്കും. ഇത് അനീതിയും ജനാധിപത്യ വിരുദ്ധവുമാണ്. തലമുറകളായി സ്വന്തം നാട്ടിൽ താമസിക്കുന്ന സമൂഹങ്ങളുടെ അവകാശങ്ങളെ ഇത് ബാധിക്കുന്നു. വഖഫ് തർക്കങ്ങളിൽ ഹൈക്കോടതികളിൽ അപ്പീൽ നൽകാൻ അനുവദിക്കുന്ന വഖഫ് ഭേദഗതി ബില്ലിലെ ക്ലോസ് 35 അംഗീകരിക്കപ്പെടേണ്ടതാണ്.

ക്ലോസ് 35ന് മുൻകാല പ്രാബല്യം വേണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. മുനമ്പം പ്രശ്‌നം പരിഹരിക്കാൻ സഹായകരമാകുന്ന വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തണം. നിലവിൽ ഭേദഗതികൾക്ക് മുൻകാല പ്രാബല്യമില്ലാത്തതിനാൽ കോടതികളിലും വഖഫ് ട്രൈബ്യൂണലുകളിലും പരിഗണനയിലുള്ള വിഷയങ്ങൾക്ക് പരിഹാരമാകില്ല. നിലവിലുള്ള തർക്കങ്ങളിൽ കൂടി ബില്ലിലെ വ്യവസ്ഥകൾ ബാധകമാക്കിയാൽ മാത്രമേ യഥാർഥ പരിഹാരം ആവുകയുള്ളൂ എന്നും അതിന് വേഗത്തിലുള്ള ഇടപെടൽ ഉണ്ടാവണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

ഇടത് എംപിയായ ജോസ് കെ. മാണി മുന്നണി നിലപാടിന് വിരുദ്ധമായി ബില്ലിലെ രണ്ട് വ്യവസ്ഥകളെ പിന്തുണച്ചത് മുന്നണിക്ക് വലിയ തിരിച്ചടിയാണ്. എല്ലാ ഭേദഗതികളിലും പ്രത്യേകം വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ല എന്ന ഇൻഡ്യാ മുന്നണിയുടെ നിലപാടാണ് ഇടതുപക്ഷത്തെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചത്.

എല്ലാ ഭേദഗതികളിലും പ്രത്യേകം വോട്ടെടുപ്പ് ആവശ്യപ്പെടേണ്ട എന്ന തീരുമാനം കോൺഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇൻഡ്യാ മുന്നണി എംപിമാരെ അറിയിച്ചത്. ഓരോ ഭേദഗതിയിലും പ്രത്യേകം വോട്ടെടുപ്പ് നടന്നിരുന്നെങ്കിൽ 20, 35 വകുപ്പുകളിൽ ജോസ് കെ. മാണി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്താൽ അത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയും ബിജെപിക്ക് വലിയ നേട്ടവുമാകുമായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News