യുഎപിഎ തടവുകാരൻ ഇബ്രഹാമിന് ചികിത്സ ഉറപ്പാക്കണം: സാമൂഹിക, സംസ്‌ക്കാരിക, രാഷ്ട്രീയ പ്രവർത്തകർ

കടുത്ത പ്രമേഹരോഗിയായ ഈ 67-കാരനെ നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇബ്രാഹിമിനെ പരിശോധിക്കുകയും, ചികിത്സിക്കുകയും ചെയ്ത ഡോക്ടർമാരുടെ അഭിപ്രായം അദ്ദേഹത്തിന്റെ ആരോഗ്യ പരിപാലത്തിന് പ്രത്യേക കരുതൽ വേണമെന്നായിരുന്നു.

Update: 2021-12-14 08:35 GMT

മാവോയിസ്റ്റ് സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന കുറ്റാരോപണത്തിന്റെ പേരിൽ ആറു വർഷത്തിലധികമായി വിചാരണത്തടവുകാരനായി കഴിയുന്ന ഇബ്രാഹിമിന്റെ ആരോഗ്യനില അത്യന്തം ഉത്ക്കണ്ഠയുളവാക്കുന്നതാണെന്നും അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കടുത്ത പ്രമേഹരോഗിയായ ഈ 67-കാരനെ നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇബ്രാഹിമിനെ പരിശോധിക്കുകയും, ചികിത്സിക്കുകയും ചെയ്ത ഡോക്ടർമാരുടെ അഭിപ്രായം അദ്ദേഹത്തിന്റെ ആരോഗ്യ പരിപാലത്തിന് പ്രത്യേക കരുതൽ വേണമെന്നായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ ലെവൽ 452 എന്ന നിലയിൽ ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നതും, അടിക്കടിയുള്ള നെഞ്ചുവേദനയും രക്തധമനികളിൽ വീണ്ടും ബ്ലോക്കുണ്ടാവുന്നതിനുള്ള സാധ്യതകളുടെ ശക്തമായ ലക്ഷണങ്ങളായി ചില സ്വകാര്യ ഡോക്ടർമാരും അഭിപ്രായപ്പെട്ടിരുന്നു. രണ്ടു തവണ ഹൃദയാഘാതമുണ്ടായ വ്യക്തിയെന്ന നിലയിൽ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തികച്ചും ആശങ്കാജനകമാണ്. ആൻജിയോഗ്രാം ചെയ്യുന്നതാണ് ബ്ലോക്കിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള മാർഗം. എന്നാൽ അതിനൊന്നും മുതിരാതെ ബുധനാഴ്ചയോടെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീണ്ടും വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്.

Advertising
Advertising

കടുത്ത പ്രമേഹവും, ഹൃദ്രോഗവും അലട്ടുന്ന 67 വയസ്സുള്ള രോഗിയായ വിചാരണത്തടവുകാരന് മിനിമം നിലയിൽ എങ്കിലും ആവശ്യമായ വിദഗ്ധ ചികിത്സയും പരിചരണവും നൽകുവാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. യുഎപിഎ അഥവാ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ സാങ്കേതികമായ കഠിന വ്യവസ്ഥകളാണ് സാധാരണഗതിയിൽ ജാമ്യം ലഭിക്കേണ്ടുന്ന കുറ്റാരോപണങ്ങൾ മാത്രം നേരിടുന്ന ഇബ്രാഹിം ആറു വർഷത്തിലധികമായി വിചാരണത്തടവുകാരനായി ജയിലിൽ കഴിയാനുള്ള കാരണം. ആരോഗ്യസ്ഥിതി ഇത്രയും വഷളായിട്ടും പരോൾ പോലും അദ്ദേഹത്തിന് ഇതുവരെ അനുവദിച്ചിട്ടില്ല. സർക്കാരിന്റെയും, പ്രത്യേകിച്ചും ജയിൽ അധികൃകതരുടെയും ഭാഗത്തു നിന്നുള്ള മനുഷ്യാവകാശ ലംഘനമാണ് ഇബ്രാഹിമിന്റെ കാര്യത്തിൽ സംഭവിക്കുന്നതെന്ന് ഞങ്ങൾ കരുതുന്നു. സമത്വവാദിയായ ഒരു പൗരന്റെ കാര്യത്തിൽ സംഭവിക്കുന്ന നിരന്തരമായ ഈ മനുഷ്യാവകാശ നിഷേധം ഒരു ഇടതുപക്ഷ സർക്കാരിന് ഒട്ടും യോജിക്കുന്നതല്ല. ഇബ്രാഹിമിന് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ അടിയന്തിരമായി കൈക്കൊള്ളണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പരോൾ അനുവദിക്കണമെന്നും സാംസ്‌കാരിക പ്രവർത്തകർ അഭ്യർത്ഥിച്ചു.

റിട്ട: ജസ്റ്റിസ് ഷംസുദ്ധീൻ, ബി.ആർ.പി ഭാസ്‌ക്കർ, സച്ചിദാനന്ദൻ, കെ.ജി. ശങ്കരപ്പിള്ള, എം.എൻ. രാവുണ്ണി, ഹർ ഗോപാൽ, എൻ വേണുഗോപാൽ, കെ.കെ. രമ, ജെ. ദേവിക, മീനാകന്തസ്വാമി, ഗോമതി, ടി.ടി ശ്രീകുമാർ, ബി. രാജീവൻ, റാം മോഹൻ, സണ്ണി കപിക്കാട്, ഹമീദ് വാണിയമ്പലം, അഡ്വ: പി. ചന്ദ്രശേഖരൻ, എൻ.പി ചെക്കുട്ടി, കെ.പി സേതുനാഥ്, റഹിയാനത്ത്, നജ്ദാ റൈഹാൻ, അഡ്വ.തമന്ന സുൽത്താന എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News