തരൂർ കോൺഗ്രസിന്റെ മുന്നിൽനിന്ന് പ്രവർത്തിക്കുന്ന നേതാവ്; പരിപാടി മാറ്റിയതിൽ വിവാദം വേണ്ട: കെ. മുരളീധരൻ

ഇന്ന് കോഴിക്കോട് നടത്താനിരുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയിരുന്നു. തരൂരിന്റെ മലബാർ പര്യടനം സംബന്ധിച്ച് കേരളത്തിലെ നേതാക്കൾക്കുള്ള എതിർപ്പാണ് പിൻമാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

Update: 2022-11-20 05:04 GMT
Advertising

കോഴിക്കോട്: ശശി തരൂർ പങ്കെടുക്കുന്ന പരിപാടി മാറ്റിയതിൽ വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് കെ. മുരളീധരൻ എം.പി. തരൂരിന്റെ സേവനം പാർട്ടി വിനിയോഗിക്കും. കോൺഗ്രസിന്റെ മുന്നിൽനിന്ന് പ്രവർത്തിക്കുന്ന നേതാവാണ് തരൂർ. കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പങ്കുണ്ടാവും. കോൺഗ്രസ് വിശാല പാർട്ടിയാണ്. കഴിവുള്ളവരെ പാർട്ടിയും പ്രവർത്തകരും അംഗീകരിക്കും. തരൂർ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കോൺഗ്രസ് പ്രവർത്തകർക്ക് പങ്കെടുക്കാം. അതിന്റെ പേരിൽ ഒരു നടപടിയും ഉണ്ടാവില്ല. തരൂരിനെതിരെ പാരവെയ്ക്കാൻ പലരും ശ്രമിക്കുന്നുണ്ട്. തനിക്കെതിരെയും ഇത്തരം പാരകൾ ഉണ്ടാകാറുണ്ടായിരുന്നു. അത് നടക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പല സ്ഥാപനങ്ങളും പാർട്ടി നേരിട്ടാണ് നയിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ പാർട്ടി നേരിട്ട് ഭരിക്കുന്നു. കെ റെയിലിൽ നിലപാട് പറഞ്ഞത് പാർട്ടിയാണ് മുഖ്യമന്ത്രിയല്ല. സർക്കാരിനെതിരായ സമരത്തിന്റെ പേരിൽ കേരളം യുദ്ധക്കളമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. സർക്കാരിനെതിരെ സമരം നടത്തുന്നില്ലെന്നത് തെറ്റായ വാദമാണെന്നും മുരളീധരൻ പറഞ്ഞു.

ശശി തരൂരിന്റ പര്യടനം ജില്ലാ കമ്മിറ്റിയെ അറിയിച്ചത് എം.കെ രാഘവനാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു. തരൂരിന്റ പര്യടനം വിഭാഗീയ പ്രവർത്തനമാണന്ന വാർത്തകൾ വന്നതോടെ ചില കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. തരൂർ ഡി.സി.സിയെ അറിയിച്ചിരുന്നെങ്കിൽ ഞങ്ങൾ തന്നെ എല്ലാം ചെയ്യുമായിരുന്നു. അതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് മാറിയതെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. എം.കെ രാഘവൻ മുതിർന്ന നേതാവാണ്, അദ്ദേഹത്തെക്കുറിച്ച് കൂടുതലായി പറയുന്നില്ലെന്നും പ്രവീൺകുമാർ വ്യക്തമാക്കി.

ഇന്ന് കോഴിക്കോട് നടത്താനിരുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയിരുന്നു. തരൂരിന്റെ മലബാർ പര്യടനം സംബന്ധിച്ച് കേരളത്തിലെ നേതാക്കൾക്കുള്ള എതിർപ്പാണ് പിൻമാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ട്. അതേസമയം തരൂരിനെ പിന്തുണച്ച് കെ.എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News