സ്വരാജ് അവാർഡ് വിവാദം: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ അവാർഡ്; സാഹിത്യ അക്കാദമിക്ക് വ്യക്തി, രാഷ്ട്രീയ താത്പര്യങ്ങളില്ല- കെ. സച്ചിദാനന്ദൻ

കേരള സാഹിത്യ അക്കാദമി അവാർഡിന് പുസ്തകം അയക്കേണ്ട ആവശ്യമില്ലെന്നും എത്രയോ മാസങ്ങൾക്ക് മുമ്പാണ് അവാർഡിനുള്ള ചുരുക്കപ്പട്ടിക ഉണ്ടാക്കിയതെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.

Update: 2025-06-27 11:14 GMT

കോഴിക്കോട്: എം.സ്വരാജിന് കേരള സാഹിത്യ അക്കാദമി അവാർഡ് നൽകിയതിലുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് എഴുത്തുകാരനും അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദൻ. സ്വരാജിന്റെ 'പൂക്കളുടെ പുസ്തകം' എന്ന കൃതിക്കാണ് സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ് അവാർഡ് പ്രഖ്യാപിച്ചത്. പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് അവാർഡ് നിരസിക്കുകയായിരുന്നു.

ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനവും പരിഹാസവുമായി പലരും രംഗത്തെത്തിയിരുന്നു. സ്വരാജ് തെരഞ്ഞെടുപ്പിൽ തോറ്റതിന് സർക്കാർ കൊടുത്ത പാരിതോഷികമാണ് അവാർഡ് എന്നും അപേക്ഷിക്കാതെ അവാർഡ് ലഭിക്കില്ലല്ലോ എന്നും ചോദ്യങ്ങളുയർന്നു. മറ്റൊരാളാണ് അവാർഡിന് നാമനിർദേശം ചെയ്തതെങ്കിൽ അതും എഴുത്തുകാരന്റെ അറിവില്ലാതെ നൽകുമോ തുടങ്ങിയ ചോദ്യങ്ങളും ഉയർന്നിരുന്നു. തുടർന്ന് സ്വരാജിനെ അനുകൂലിച്ച് സോമൻ പൂക്കാട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് സച്ചിദാനന്ദന്റെ പ്രതികരണം.

Advertising
Advertising

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ അവാർഡാണ് കേരള സാഹിത്യ അക്കാദമി അവാർഡെന്നും ഇതിന് പുസ്തകം അയക്കേണ്ട ആവശ്യമില്ലെന്നും എത്രയോ മാസങ്ങൾക്ക് മുമ്പാണ് അവാർഡിനുള്ള ചുരുക്കപ്പട്ടിക ഉണ്ടാക്കിയതെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.

അവാർഡിന് അർഹമായ വർഷങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മുഴുവൻ പുസ്തകങ്ങളും അക്കാദമി തന്നെ വാങ്ങും. നല്ല വായനക്കാർ ആയ വിവിധ മേഖലകളിലെ 10 വ്യക്തികളുടെ ഒരു ഷോർട്ട്‌ലിസ്റ്റിങ് കമ്മിറ്റി ഓരോ വിഭാഗത്തിലും ചുരുക്കപ്പട്ടിക ഉണ്ടാക്കും. ആ കമ്മിറ്റിയെയും ഓരോ വിഭാഗത്തിലെ മൂന്നംഗ ജൂറിയെയും തെരഞ്ഞെടുക്കുന്നത, മറ്റാരോടും ആലോചിക്കാതെ അക്കാദമി പ്രസിഡന്റ് ആണ്. മൂന്നു ജൂറി അംഗങ്ങളും പരസ്പരം അറിയുന്നില്ല. അവർ ഇടുന്ന മാർക്ക് കൂട്ടുക മാത്രമാണ് ഓഫീസ് ചെയ്യുന്നത്. അതിൽ ഒരു വ്യക്തി, രാഷ്ട്രീയ താത്പര്യവും ഇല്ല. എത്രയോ മാസങ്ങൾക്ക് മുമ്പാണ് ചുരുക്കപ്പട്ടികകൾ ഉണ്ടാക്കിയത്. സ്വരാജിന്റെ പുരസ്‌കാരം ഭൂരിപക്ഷത്തിൽ വന്നത് സ്വരാജിനെ നിലമ്പൂർ സ്ഥാനാർഥി ആയി പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പാണ്. അക്കാദമിയിലെ ഒരാൾക്കും അത് തിരുത്താൻ അവകാശമില്ല. ഫെല്ലോഷിപ്പ്, സമഗ്ര സംഭാവന പുരസ്‌കാരങ്ങൾ മാത്രമാണ് അക്കാദമി ബോർഡ് ഏക കണ്ഠമായി തീരുമാനിക്കുന്നത്- സച്ചിദാനന്ദൻ കുറിപ്പിൽ പറഞ്ഞു.




Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News