'നേതൃമാറ്റ തീരുമാനത്തിന് പിന്നിൽ മറ്റാരുടെയൊക്കെയോ വക്രബുദ്ധി, അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് ആഗ്രഹിച്ചിട്ടില്ല'; കെ.സുധാകരന്‍
സണ്ണി ജോസഫ് തന്റെ നോമിനിയല്ലെന്നും കെപിസിസി പ്രസിഡന്‍റാക്കിയത് തന്നെ അനുനയിപ്പിക്കാൻ അല്ലെന്നും സുധാകരൻ മീഡിയവണിനോട് പറഞ്ഞു
കണ്ണൂര്‍: കെപിസിസി നേതൃമാറ്റത്തിലുള്ള അതൃപ്തി തുറന്നു പറഞ്ഞ് കെ.സുധാകരൻ. അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കിയെന്നും സുധാകരന്‍ മീഡിയവണിനോട് പറഞ്ഞു. കെപിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനുശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് സുധാകരന്റെ പ്രതികരണം.
'രാഹുലും ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായില്ല. നേതൃമാറ്റ തീരുമാനത്തിന് പിന്നിൽ മറ്റാരുടെയൊക്കെയോ വക്രബുദ്ധിയെന്നും സുധാകരൻ പറഞ്ഞു. തന്നെ മാറ്റണമെന്ന് നിർബന്ധം പിടിച്ചത് ദീപ ദാസ് മുൻഷിയാണ്. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അവർ റിപ്പോർട്ട് നൽകി'. ദീപാ ദാസ് മുൻഷി ആരുടെയോ കയ്യിലെ കളിപ്പാവയാണെന്നും സുധാകരന്‍ ആരോപിച്ചു.
സണ്ണി ജോസഫ് തന്‍റെ നോമിനി അല്ലെന്നും കെ.സുധാകരൻ പറഞ്ഞു. 'സണ്ണിയെ കോൺഗ്രസിൽ ഉയർത്തിക്കൊണ്ടുവന്നത് താനാണ്. അദ്ദേഹവുമായുള്ളത് സഹോദരതുല്യമായ ബന്ധമാണ്. സണ്ണിയും ഞാനും തമ്മിലുള്ള ബന്ധം പലരും ഇപ്പോഴാണ് എല്ലാവരും മനസിലാക്കുന്നത്. സണ്ണി വന്നതില്‍ മറ്റാരെങ്കിലും വന്നതിനേക്കാള്‍ സന്തോഷമുണ്ട്. സണ്ണി ക്രൈസ്തവ സഭയുടെ പ്രതിനിധിയല്ല. എന്നാല്‍ തന്നെ അനുനയിപ്പിക്കാനല്ല സണ്ണിയെ പ്രസിഡന്‍റാക്കിയത്. കെപിസിസി പ്രസിഡന്‍റിനെ മാറ്റുമ്പോൾ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുകയാണ് പതിവ്. എന്നാൽ അത് ഉണ്ടായില്ല തനിക്ക് അങ്ങനെയൊരു ആവശ്യവുമില്ലെന്നും സുധാകരൻ പറഞ്ഞു.
പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനിയും മത്സരിക്കും. പുതിയ വർക്കിങ് പ്രസിഡന്‍റുമാര്‍ കഴിവുള്ളവരാണ്. അതുപോലൊരു ടീം തനിക്ക് ഉണ്ടായിരുന്നെങ്കിൽ കുറേക്കൂടി റിസൾട്ട് ഉണ്ടാക്കാൻ കഴിയുമായിരുന്നെന്നും കെ.സുധാകരൻ പറഞ്ഞു.
'തന്‍റെ നേതൃത്വം കേരളത്തിൽ ആവശ്യമായിരുന്നു. തന്നെപ്പോലെ സിപിഎമ്മുമായി ഫൈറ്റ് ചെയ്ത മറ്റ് ഏത് അധ്യക്ഷൻ ഉണ്ട്? ആ അംഗീകാരം എങ്കിലും തനിക്ക് ലഭിക്കുമെന്ന് കരുതി, പക്ഷെ തെറ്റി, പിണറായിയോട് നേരിട്ട് ഫൈറ്റ് ചെയ്യാൻ കേരളത്തിലെ കോൺഗ്രസിൽ വേറെ ഏത് നേതാവുണ്ടെന്നും സുധാകരന്‍ ചോദിച്ചു. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാലാണ് ഡൽഹിയിൽ പോകാതിരുന്നതെന്നും സുധാകരൻ പറഞ്ഞു.