'ഷാജൻ സ്‌കറിയയ്ക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യമൊരുക്കുന്നത് സുധാകരൻ'; ആരോപണവുമായി ഡി.വൈ.എഫ്.ഐ

''മുസ്‌ലിം വിരുദ്ധതയും വംശീയാധിക്ഷേപവും തുടരുകയാണ് മറുനാടൻ. നാർക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ്, ഹലാൽ ജിഹാദ് തുടങ്ങിയുള്ള അങ്ങേയറ്റം വഷളൻ പ്രസ്താവനകൾ വാർത്തയായി അവതരിപ്പിച്ചയാളെയാണ് ഒരു മടിയും മറയുമില്ലാതെ കെ.പി.സി.സി പ്രസിഡന്റ് ന്യായീകരിക്കുന്നത്.''

Update: 2023-07-10 11:15 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ഷാജൻ സ്‌കറിയയ്ക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യം ഒരുക്കുന്നത് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനാണെന്ന് ഡി.വൈ.എഫ്.ഐ. മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിലെ തന്നെ ഒരുവിഭാഗം നേതാക്കളുടെയും നിലപാട് തള്ളിയാണ് സുധാകരൻ വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന ഷാജൻ സ്‌കറിയയെയും മറുനാടൻ മലയാളിയെയും ന്യായീകരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആരോപിച്ചു.

ഹൈക്കോടതി പോലും മഞ്ഞപ്പത്രമെന്ന് വിശേഷിപ്പിച്ച മറുനാടൻ മലയാളിയെയും ഷാജൻ സ്‌കറിയയെയും ന്യായീകരിക്കുന്ന നിലപാട് സ്വീകരിക്കുന്നു. സ്ത്രീവിരുദ്ധവും ആളുകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതുമായ പ്രവർത്തനങ്ങൾ മാത്രമാണ് മറുനാടൻ ഇതുവരെ നടത്തിയിട്ടുള്ളത്. ആ മഞ്ഞപ്പത്രം അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരുപാട് പ്രശ്‌നങ്ങളാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. നിരവധി പേർ കേസ് കൊടുത്തിട്ടുണ്ട്. ഹൈക്കോടതി ഉൾപ്പെടെ ഇടപെട്ടപ്പോൾ അയാൾ മുങ്ങുകയായിരുന്നു-സനോജ് ചൂണ്ടിക്കാട്ടി.

മുങ്ങിയ ഷാജൻ സ്‌കറിയയ്ക്കു വേണ്ടി വക്കാലത്തുമായാണ് കെ.പി.സി.സി അധ്യക്ഷൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ, ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ അടച്ചാപേക്ഷിച്ച ഒരാളെയാണ് സുധാകരൻ ന്യായീകരിക്കുന്നത്. അപ്പോഴും മുസ്‌ലിം വിരുദ്ധതയും വംശീയാധിക്ഷേപവും തുടരുകയാണ് മറുനാടൻ. എന്നാൽ, മറുനാടനെ മാധ്യമമായി തന്നെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞത്. ഇതെല്ലാം തള്ളി മറുനാടൻ മഹത്തായൊരു മാധ്യമവും വലിയ സാമൂഹിക ഇടപെടലാണ് ഷാജൻ നടത്തുന്നതെന്നുമുള്ള പരാമർശമാണ് സുധാകരൻ നടത്തുന്നതെന്നും സനോജ് കുറ്റപ്പെടുത്തി.

''ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും അംഗീകരിക്കാനാകാത്ത പ്രവർത്തനമാണ് മറുനാടൻ നടത്തുന്നതെന്ന് ഇപ്പോൾ കോൺഗ്രസ് എം.പിമാരായ കെ. മുരളീധരനും ടി.എൻ പ്രതാപനും പറഞ്ഞുകഴിഞ്ഞു. പ്രതാപന്റെ വാക്ക് കടംകൊണ്ടാൽ ആത്മാഭിമാനമില്ലാത്ത ആളായി മാറിയിരിക്കുകയാണ് സുധാകരൻ. ഈ വിഷയത്തിൽ കോൺഗ്രസിലെ നേതാക്കളുടെ അഭിപ്രായം അറിയണം. ലീഗിനെ തള്ളി നിലപാട് സ്വീകരിച്ച സുധാകരന്റെ നടപടി യു.ഡി.എഫ് അണികളും മനസിലാക്കണം.''

Full View

നാർക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ്, ഹലാൽ ജിഹാദ് തുടങ്ങിയുള്ള അങ്ങേയറ്റം വഷളൻ പ്രസ്താവനകൾ വാർത്തയായി അവതരിപ്പിച്ചയാളെയാണ് ഒരു മടിയും മറയുമില്ലാതെ കെ.പി.സി.സി പ്രസിഡന്റ് ന്യായീകരിക്കുന്നത്. ഷാജൻ സ്‌കറിയയ്ക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യം ഒരുക്കുന്നത് സുധാകരനാണെന്നാണ് ബലമായ സംശയം. സുധാകരൻ രാഷ്ട്രീയകവചമൊരുക്കുന്നു, പരസ്യമായി ന്യായീകരിക്കുന്നു, ഒളിവിൽ കഴിയാനുള്ള സൗകര്യമൊരുക്കിക്കൊടുക്കുന്നുവെന്നെല്ലാമാണ് മനസിലാകുന്നത്. ലീഗിനെ തള്ളി വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്നയാളെ ന്യായീകരിച്ച സുധാകരന്റെ പ്രസ്താവന സമൂഹം തിരിച്ചറിയണമെന്നും വി.കെ സനോജ് ആവശ്യപ്പെട്ടു.

Summary: 'K Sudhakaran facilitates Shajan Skariah to abscond'; alleges DYFI Kerala state secretary VK Sanoj

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News