സുൽത്താൻബത്തേരി കോഴക്കേസിൽ കെ.സുരേന്ദ്രൻ ഒന്നാം പ്രതി: ജാനുവിന് പണം നൽകിയതിന് തെളിവ്

കേസുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങളുടെ ഫോറൻസിക് പരിശോധനഫലം അടുത്ത ആഴ്ചയോടെ ലഭിക്കും

Update: 2022-06-07 16:30 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഒന്നാം പ്രതി. ജെ ആർ പി സംസ്ഥാന അധ്യക്ഷ സി.കെ ജാനുവാണ് കേസിൽ രണ്ടാം പ്രതി. കോഴക്കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അറയിച്ചു. സികെ ജാനുവിന് പണം നൽകിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയൽ കേസിൽ മൂന്നാം പ്രതിയായേക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങളുടെ ഫോറൻസിക് പരിശോധനഫലം അടുത്ത ആഴ്ചയോടെ ലഭിക്കും.

ശബ്ദ സാമ്പിൾ ശേഖരിച്ച് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്താൻ അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തെ ലാബുകളേക്കാൾ വിശ്വസ്തത കേന്ദ്ര സർക്കാരിന് കീഴിലുള്ള ലാബിലാണെന്നും സംസ്ഥാനത്തെ ലാബുകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ച് കെ സുരേന്ദ്രൻ കോടതിയെ സമീപിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകൻ സുരേന്ദ്രൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ ആർ പി) സംസ്ഥാന അധ്യക്ഷ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്. അതേസമയം, മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർതിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞവർഷം ജൂൺ അഞ്ചിനാണ് കെ.സുന്ദര മാധ്യമങ്ങളിലൂടെ നാമനിർദേശപ്രത്രിക പിൻവലിക്കുന്നതിനുണ്ടായ കാരണം വെളിപ്പെടുത്തിയത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മത്സരിച്ച മണ്ഡലത്തിൽ ആ പേരിനോട് സാമ്യമുള്ള താൻ മത്സരിച്ചാൽ വോട്ട് കുറയുമെന്ന് ബി.ജെ.പി ഭയപ്പെട്ടിരുന്നതായി സുന്ദര വെളിപ്പെടുത്തിയിരുന്നു. രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നാണ് സുന്ദര പറഞ്ഞത്. ആദ്യം ബദിയടുക്ക പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ കെ.സുരേന്ദ്രൻ ഉൾപ്പെടെ നിരവധി പേരെ ചോദ്യംചെയ്തിരുന്നു. ഡി.വൈ.എസ്.പി എ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്.

കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി സംസ്ഥാനത്തെ ബിജെപിയുടെ ജനകീയ പ്രക്ഷോഭങ്ങളെ തകർത്തുകളയാമെന്നാണ് മുഖ്യമന്ത്രിയും സിപിഎമ്മും കരുതുന്നെതെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രാമാണ്. ശക്തമായ പ്രക്ഷോഭങ്ങൾക്ക് ബിജെപി നേത്യത്വം നൽകും. കെ സുരേന്ദ്രനെതിരെ കേസ്സെടുത്തത് പിണറായി സർക്കാർ പട്ടികജാതി / വർഗ്ഗ പീഡന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതാണ്. ആറ്റിങ്ങലിലെ പിംഗ് പോലീസിന്റെ ദളിത് പീഡനം, തിരുവനതപുരം നഗരസഭയിലെ പട്ടികജാതി തട്ടിപ്പ്, തുടങ്ങി നിരവധി പട്ടികജാതി പീഡന കേസ്സുകളിലിൽ എസ്ടിഎസ്സി നിയമം ഉപയോഗിക്കാത്ത സർക്കാരാണ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി രാഷ്ട്രീയ എതിരാളികൾക്കെതിരെ ഈ നിയമം ചുമത്തുന്നത്. കെ.സുരേന്ദ്രനെതിരെയുള്ള ഗൂഡാലോചന അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം കൊടുക്കുമെന്നും ബി ജെ പി നേതൃത്വം വ്യക്തമാക്കി

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News