ആന്തൂരിലും മലപ്പട്ടത്തും പത്രിക നൽകിയ യുഡിഎഫ് സ്ഥാനാർഥികളെ സിപിഎം ഭീഷണിപ്പെടുത്തി: മാർട്ടിൻ ജോർജ്
മലപ്പട്ടം പഞ്ചായത്തിലും ആന്തൂർ നഗരസഭയിലും രണ്ട് വാർഡുകളിൽ വീതം എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ലായിരുന്നു
കണ്ണൂർ: കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥികളെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ്. എല്ലായിടത്തും സ്ഥാനാർഥികളെ നിർത്താൻ ശ്രമിച്ചിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. ആന്തൂരിലും മലപ്പട്ടത്തും പത്രിക നൽകിയവരെ സിപിഎം ഭീഷണിപ്പെടുത്തി. പത്രിക പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
മലപ്പട്ടത്തെ സ്ഥാനാർഥി റിട്ടേണിങ് ഓഫീസറുടെ മുന്നിൽവെച്ചാണ് പത്രിക ഒപ്പിട്ടത്. എന്നിട്ടും ഒപ്പ് വ്യാജമെന്ന് പറഞ്ഞ് കൊവുന്തല വാർഡിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിയെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. മലപ്പട്ടം കോവുന്തല വാർഡിലെ യുഡിഎഫ് സ്ഥാനാർഥി നിത്യശ്രീയുടെ പത്രികയാണ് തള്ളിയത്. റിട്ടേണിങ് ഓഫീസർ സിപിഎം ഭീഷണിക്ക് വഴങ്ങിയെന്ന് നിത്യശ്രീ പറഞ്ഞു. തന്റെ ഒപ്പ് തന്നെ എന്ന് റിട്ടേണിങ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതാണ്. എന്നാൽ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതോടെ പത്രിക തള്ളുകയായിരുന്നു. ഇതിനെതിരെ കലക്ടർക്ക് പരാതി നൽകുമെന്നും നിത്യശ്രീ പറഞ്ഞു.
മുൻകാലങ്ങളിൽ എല്ലാ സീറ്റിലും സിപിഎം എതിരില്ലാതെ വിജയിക്കാറുള്ള പ്രദേശങ്ങളിൽ ശക്തമായ പോരാട്ടത്തിന് യുഡിഎഫ് തയ്യാറെടുക്കുമ്പോൾ അതിലുള്ള അസഹിഷ്ണുതയാണ് സിപിഎം പ്രകടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാടായ ആന്തൂരിൽ പത്രിക പിൻവലിപ്പിക്കാനായി വനിതാ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി. ആന്തൂരിലെ 26- അഞ്ചാംപീടിക വാർഡിലെ സ്ഥാനാർഥി ലിവ്യയെ വീട്ടിൽ തടഞ്ഞുവെച്ച് സ്ഥാനാർഥിത്വം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങി. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സിപിഎമ്മിന്റെ സമീപനം സുഗമമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തന്നെ ബാധിക്കുകയാണ്. കഴിഞ്ഞ തവണയും സമാന രീതിയിലാണ് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക പിൻവലിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ ഭരണം നേടാൻ എന്ത് അതിക്രമത്തിനും സിപിഎം മുതിരും എന്നതിൻ്റെ തെളിവാണ് ഈ സംഭവങ്ങൾ. ജനാധിപത്യ പ്രക്രിയയിൽ വിശ്വസിക്കുന്ന മുഴുവനാളുകളും ഇതിനെതിരെ പ്രതികരിക്കണമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
മലപ്പട്ടം പഞ്ചായത്തിലും ആന്തൂർ നഗരസഭയിലും രണ്ട് വാർഡുകളിൽ വീതം എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ലായിരുന്നു. യുഡിഎഫ് സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തിയാണ് ഇത് നടപ്പാക്കിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.