വിഷ്ണുപ്രിയ കൊലപാതകം: പ്രതി കസ്റ്റഡിയിൽ; കൊലയാളി വാട്ട്സ്ആപ്പ് വീഡിയോ കോളിൽ

കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വാട്ട്സ്ആപ്പ് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു.

Update: 2022-10-22 13:24 GMT

കണ്ണൂർ: പാനൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. കൂത്തുപറമ്പ് മാനന്തേരി സത്രം സ്വദേശിയും കൊല്ലപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തുമായ ശ്യാംജിത് ആണ് കസ്റ്റഡിയിലായത്. ഇയാളെത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചെന്നാണ് വിവരം.

പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴിയും വാട്ട്സ്ആപ്പ് കോൾ വീഡിയോ റെക്കോർഡുമാണ് നിർണായകമായത്. ഇയാളെ കൂത്തുപറമ്പ് എ.എസ്.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.

പാനൂർ പാനൂർ വള്ളിയായിൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പിതകളുടെ മകൾ വിഷ്ണുപ്രിയ (23) ആണ് മരിച്ചത്. ബൈക്കിലെത്തിയാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. ഈ സമയം വിഷ്ണു പ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Advertising
Advertising

സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് കൊലയാളി എത്തിയത്. കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണു പ്രിയ സുഹൃത്തിനോട് ഉച്ചത്തിൽ പറഞ്ഞിരുന്നു. ഉടൻ ഫോൺ സ്വിച്ച് ഓഫായി. പന്തികേട് തോന്നിയ സുഹൃത്ത് വിവരം ഉടൻ തന്നെ അടുത്തുള്ളവരെ അറിയിച്ചു.

ആളുകൾ അറിഞ്ഞ് എത്തിയപ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു. പ്രതി വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സുഹൃത്ത് നൽകിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇയാളെ പിടികൂടുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കവെയാണ് സുഹൃത്തിൽ നിന്നും നിർണായക വിവരം ലഭിക്കുന്നത്.

പാനൂരിലെ സ്വകാര്യ മെഡിക്കൽ ലാബിൽ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കൈകളിലും മാരകമായി മുറിവേറ്റിട്ടുണ്ട്. പ്രണയ നൈരാശ്യം ആണ് കൊലയ്ക്ക് കാരണമെന്നാണ് നി​ഗമനം. 

മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News