കാസർകോട് സി.പി.എമ്മുമായി കൂട്ടുകെട്ട്; ബി.ജെ.പിയിൽ പ്രതിഷേധം, പ്രവർത്തകർ ബി.ജെപി ഓഫീസിന് താഴിട്ടു

തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും സി.പി.എമ്മുമായുള്ള സഹകരണം അവസാനിപ്പിക്കാത്തതിനെതിരെ പ്രവർത്തകർ പരസ്യമായി രംഗത്ത് വരികയായിരുന്നു

Update: 2021-04-28 09:50 GMT
Editor : ijas
Advertising

കാസർകോട് കുമ്പളയിൽ സി.പി.എമ്മുമായുള്ള കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകർ ബി.ജെ.പി ഓഫീസിന് താഴിട്ടു. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം കുമ്പളയിൽ ബി.ജെ.പി-സി.പി.എമ്മുമായുണ്ടാക്കിയ സഹകരണമാണ് പ്രവർത്തകരിൽ പ്രതിഷേധം ഉണ്ടാക്കിയത്. ബി.ജെ.പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസിനാണ് പ്രവർത്തകർ താഴിട്ടത്.




ഇരു പാർട്ടികളും പരസ്പരം സഹകരിച്ച് പഞ്ചായത്തിൽ സ്റ്റാന്‍റിങ് കമ്മിറ്റി പദവികൾ പങ്കിട്ടെടുത്തിരുന്നു. ഇതിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരത്തെ തന്നെ പ്രതിഷേധമുണ്ട്. മുൻപ് സി.പിഎമ്മുകാരാൽ കൊല്ലപ്പെട്ട മൂന്ന് ബിജെപി യുവമോർച്ച പ്രവർത്തകരുടെ കുടുംബാംഗങ്ങൾ പരസ്പര സഹകരണത്തിനെതിരെ സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞ് പ്രശ്നം ചർച്ച ചെയ്യാമെന്നായിരുന്നു നേതൃത്വത്തിൻ്റെ നിലപാട്. തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മുമായി സഹകരിച്ച് നേടിയ സ്റ്റാൻ്റിംഗ് കമ്മറ്റി സ്ഥാനം ഒഴിവാക്കുമെന്ന് സംസ്ഥാന കമ്മറ്റി പ്രസിഡൻ്റ് ഈ കുടുംബങ്ങൾക്ക് ഉറപ്പു നൽകിയിരുന്നതായി പറയുന്നു.




തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും സി.പി.എമ്മുമായുള്ള സഹകരണം അവസാനിപ്പിക്കാത്തതിനെതിരെ പ്രവർത്തകർ പരസ്യമായി രംഗത്ത് വരികയായിരുന്നു. ബി.ജെ.പി പ്രവർത്തകനായിരുന്ന ബി.ടി വിജയന്‍റെ ബലിദാന ദിവസമായ ചൊവ്വാഴ്ച സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ പങ്കെടുത്ത പ്രവർത്തകർ നേതാക്കളെ പ്രതിഷേധം അറിയിച്ചു. അടഞ്ഞു കിടക്കുകയായിരുന്ന പാർട്ടിയുടെ കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പ്രവർത്തകർ മറ്റൊരു പൂട്ട് ഇട്ട് പൂട്ടുകയായിരുന്നു.

Tags:    

Editor - ijas

contributor

Similar News