തിരുവനന്തപുരം: താൻ സന്യാസിയെപ്പോലെയാണെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രിയിൽനിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. കേരളത്തിലെ ജനങ്ങളെ ഏറ്റവും കൂടുതൽ കബളിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇപ്പോൾ കാര്യങ്ങൾ വെളിച്ചത്തു വന്നില്ലേ. നികൃഷ്ട ജീവിയെന്നും പരനാറിയെന്നും വിളിച്ചൊരാൾ പെട്ടെന്നു കയറി സന്യാസിയായി. അതെല്ലാം പിആർ വർക്കിന്റെ ഭാഗമാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. സർക്കാരിന്റെ മുഖം ഭീകരമായപ്പോൾ ആ മുഖം തേച്ചുമിനുക്കാൻ വേണ്ടിയിട്ടുള്ള പിആർ വർക്ക് സർക്കാരിന്റെ ഫണ്ടുപയോഗിച്ച് നടത്തുകയായിരുന്നു.
പാർട്ടി വ്യത്യാസമില്ലാതെ അഭിപ്രായങ്ങൾ നിർഭയമായി തുറന്നുപറയുന്ന നേതാവാണ് ജി.സുധാകരനെന്ന് ആലപ്പുഴയിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം. കോൺഗ്രസിനെയും സ്വന്തം പാർട്ടിയായ സിപിഎമ്മിനെയും അദ്ദേഹം വിമർശിക്കാറുണ്ട്. അതൊന്നും മുമ്പ് ചെറ്റത്തരമായി മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് സുധാകരൻ. മുഖ്യമന്ത്രിക്ക് പ്രായവും രണ്ടു ടേം നിബന്ധനയും ബാധകമല്ലെങ്കിൽ, പിന്നെ ഇതെല്ലാം ജി.സുധാകരന് മാത്രം എങ്ങനെ പ്രശ്‌നമാകുന്നുവെന്നാണ് പാർട്ടി അണികൾ തന്നെ ഇപ്പോൾ ചോദിക്കുന്നത്. ഇതിലൂടെ പിണറായി വിജയന്റേത് ഇരട്ടച്ചങ്കല്ല, മറിച്ച് ഇരട്ടമുഖമാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി ബിജെപിയുടെ ബി ടീം എന്ന് വിളിച്ചതിനെയും കെ.സി. വേണുഗോപാൽ വിമർശിച്ചു. ഇത്രയും തരംതാണ പ്രസ്താവന നടത്താൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതിന്റെ കാരണം കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം. രാഹുൽ ഗാന്ധിയെ ബിജെപിയുടെ ബി ടീം എന്ന് പറഞ്ഞാൽ ഇന്ത്യയിൽ ആരും വിശ്വസിക്കില്ല. സ്വന്തം പാർലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ടിട്ടും ഭയമില്ലാതെ സംഘപരിവാറിനെതിരെ പോരാടുന്ന നേതാവിനെ വിമർശിക്കാൻ മോദിയെ കാണുമ്പോൾ സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നതുപോലെ സലാം അടിക്കുന്ന പിണറായി വിജയന് യാതൊരു യോഗ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും ഒടുവിൽ പാർലമെന്റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പരിശോധിച്ചാൽ അദ്ദേഹത്തിന്റെ പോരാട്ടം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാകും. ഇന്ത്യ അമേരിക്കക്ക് കീഴടങ്ങിയത് എന്തിനുവേണ്ടിയാണെന്നും, അതിന് പിന്നിൽ അദാനി കേസും എപ്സ്റ്റീൻ ഫയലുമാണെന്നും പ്രധാനമന്ത്രിയുടെ മുഖത്തുനോക്കി ചോദിച്ച നേതാവാണ് രാഹുൽ ഗാന്ധി. ഈ ചോദ്യത്തിലെ ഒരു വാക്കെങ്കിലും ഉച്ചരിക്കാൻ പിണറായി വിജയന് ആർജവമുണ്ടോയെന്ന് കെ.സി. വേണുഗോപാൽ വെല്ലുവിളിച്ചു. ഇത്രയേറെ വേട്ടയാടപ്പെട്ടിട്ടും സാധാരണക്കാർക്കൊപ്പം നിന്ന് അനീതിക്കെതിരെ പോരാടുന്ന മറ്റൊരു നേതാവില്ല. രാജ്യത്തെ വിഭജിക്കുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുന്ന രാഹുൽ ഗാന്ധിയെയാണ് മുഖ്യമന്ത്രി ബിജെപിയുടെ ബി ടീം എന്ന് വിളിക്കുന്നത്.
ലാവ്‌ലിൻ കേസ് നീട്ടിവെക്കാൻ വേണ്ടി കേന്ദ്ര ഭരണാധികാരികളുടെ കാലുപിടിക്കേണ്ട ഗതികേട് രാഹുൽ ഗാന്ധിക്കില്ല. നിർഭയം സംസാരിച്ചതിന്റെ പേരിൽ രാജ്യത്തുടനീളം 34 കേസുകളെടുത്ത് സംഘപരിവാർ വേട്ടയാടുമ്പോഴും ഒന്നിൽപ്പോലും അദ്ദേഹം കീഴടങ്ങിയിട്ടില്ല. എംപി സ്ഥാനം റദ്ദാക്കപ്പെട്ട് 24 മണിക്കൂറിനകം സർക്കാർ വസതിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും ധൈര്യം കൈവിടാതെ പോരാടിയ ആളിന്റെ പേരാണ് രാഹുൽ ഗാന്ധി. ഇതേ രാഹുൽ ഗാന്ധിയുടെ ഫോട്ടോ വെച്ചാണ് തമിഴ്‌നാട്ടിൽ സിപിഎം സ്ഥാനാർഥികൾ വോട്ടുപിടിക്കുന്നത്. മധുരയിലടക്കം രാഹുൽ ഗാന്ധിയുടെ ചിത്രമില്ലാതെ സിപിഎമ്മിന് ജനങ്ങളെ സമീപിക്കാൻ കഴിയില്ല. ഗതികേടിന്റെ അങ്ങേയറ്റത്തെ പര്യായമായി പിണറായി വിജയൻ മാറിയെന്നും, രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ മുഖ്യമന്ത്രിയുമായി ഏത് നിമിഷവും സംവാദത്തിന് കോൺഗ്രസ് തയാറാണെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
കേരളത്തിൽ സിപിഎമ്മിന്റെ ബിജെപി ചങ്ങാത്തം പുതിയ കഥയല്ല. പി.എം.ശ്രീ, ലാവിലിൻ കേസ് നീട്ടിവെയ്ക്കൽ എന്നിവ ജനങ്ങൾക്ക് അറിയാവുന്നതാണ്. സിപിഎമ്മിന്റെ സ്ഥാനാർഥി ലിസ്റ്റ് എടുത്ത് നോക്കിയാൽ അതിലൊളിഞ്ഞിരിക്കുന്ന കാര്യം അവരുടെ അണികൾക്ക് പോലും വ്യക്തമാണ്. രണ്ടു പാർട്ടികളുടെയും അണികൾക്കു ദഹിക്കുന്ന കാര്യമല്ലിത്. കേരളത്തിൽ യുഡിഎഫിനെ പരാജയപ്പെടുത്താൻ വേണ്ടിയിട്ടുള്ള സിപിഎം ബിജെപി ഡീൽ വ്യക്തമാണ്. ചില സീറ്റുകൾ പരസ്പരം വെച്ചുമാറാനും സഹായിക്കാനും വേണ്ടിയിട്ടുള്ള കൃത്യമായ ഡീൽ ആണ് അവർ നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നാലുപേർ മരിച്ച കാര്യം ആശുപത്രി അധികൃതർ മൂടിവെച്ചെന്ന് ആ കുടുംബം പറയുമ്പോൾ ആളെ രക്ഷിക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകൾക്ക് പകരം ആളെ കൊല്ലുന്ന മെഡിക്കൽ കോളജായി മാറിയ അനുഭവങ്ങളുടെ പരമ്പരകളാണ് കാണുന്നത്. പബ്ലിക് സർവീസസ് കമ്മിഷൻ ലിസ്റ്റിൽ ഒന്നാം റാങ്കുണ്ടായിട്ടും ജോലി ഉണ്ടാവില്ല എന്ന് നമ്മുടെ നാട് തെളിയിച്ചു. നമ്മുടെ നാട് സ്വന്തക്കാരെയും ബന്ധുക്കളെയും തിരികിക്കയറ്റുന്ന പിൻവാതിൽ നിയമനങ്ങളിൽ റെക്കാർഡിട്ടു. കഴിഞ്ഞ പത്തുവർഷം നടത്തിയ പിൻവാതിൽ നിയമനങ്ങളുടെ പട്ടിക ഞങ്ങൾ അത് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
കോൺഗ്രസിന്റെ ഒരാളെ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയിട്ടുള്ള തിരഞ്ഞെടുപ്പാണിതെന്ന് തെറ്റിദ്ധരിക്കേണ്ട. പത്ത് വർഷമായി കേരള ജനതയെ തകർത്ത സർക്കാരിൽ നിന്ന് മോചനം നേടിയെടുക്കാനും മാറ്റത്തിന് വേണ്ടിയുള്ളതും ജനങ്ങൾക്ക് നന്മ കൊടുക്കാനുള്ള തിരഞ്ഞെടുപ്പാണിത്. അവിടെ സ്വാഭാവികമായിട്ടും ഏറ്റവും മികച്ച ആൾ മുഖ്യമന്ത്രിയായി് വരുമെന്നും വേണുഗോപാൽ പറഞ്ഞു.