സ്വർണക്കടത്ത് കേസില്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും പ്രതികളാകും; കസ്റ്റംസ് നടപടി തുടങ്ങി

കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി.

Update: 2021-06-01 09:48 GMT
Advertising

സ്വർണക്കടത്ത് കേസില്‍ കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കുമെതിരെ കസ്റ്റംസ് നടപടി തുടങ്ങി. യു.എ.ഇ കോണ്‍സുല്‍ ജനറലിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി. 

ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് നല്‍കിയത്. കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വര്‍ണം പിടിച്ചതിനു പിന്നാലെ ഗള്‍ഫിലേക്ക് കടന്നിരുന്നു.

ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതില്‍ പതിനാലരകോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഈ ബാഗ് കോണ്‍സുല്‍ ജനറലിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗായതിനാല്‍ അത് തുറക്കുന്നത് തടയാന്‍ അറ്റാഷെയും കോണ്‍സുല്‍ ജനറലും കസ്റ്റംസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു.

നയതന്ത്ര ബാഗുവഴി വരുന്ന സ്വര്‍ണത്തിന് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നതായി മറ്റു പ്രതികളുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. സ്വപ്‌നയും സരിത്തും സന്ദീപും ഇരുവര്‍ക്കും എതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.  ഇരുവര്‍ക്കുമുള്ള നയതന്ത്ര പരിരഷയും യു.എ.ഇ സര്‍ക്കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്താണ് കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയ്ക്കായി കാത്തിരുന്നത്. 


Full View


Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News