ശ്രീനിജിൻ എം.എൽ.എയെ അപമാനിച്ചെന്ന കേസ്: സാബു എം. ജേക്കബിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പട്ടികജാതി-വർഗ പീഡനം തടയൽ നിയമപ്രകാരം എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

Update: 2024-02-02 14:59 GMT
Editor : Shaheer | By : Web Desk

സാബു എം. ജേക്കബ്

Advertising

കൊച്ചി: ട്വന്റി20 ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പി.വി ശ്രീനിജിൻ എം.എൽ.എയെ പൊതുവേദിയിൽ അപമാനിച്ചെന്ന കേസിലാണു നടപടി.

മാർച്ച് മൂന്നുവരെയാണ് അറസ്റ്റ് തടഞ്ഞത്. കേസിൽ അന്വേഷണവുമായി സഹകരിക്കാൻ സാബുവിന് കോടതി നിർദേശം നൽകി. ചോദ്യംചെയ്യൽ ആവശ്യമാണെങ്കിൽ കൃത്യമായ നോട്ടിസ് നൽകണമെന്നും നിർദേശമുണ്ട്. ചോദ്യംചെയ്യലിന്റെ പേരിൽ പീഡനം പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പുത്തൻകുരിശ് പൊലീസ് ആണ് എം.എൽ.എയുടെ പരാതിയിൽ സാബു എം. ജേക്കബിനെതിരെ കേസെടുത്തത്. പട്ടികജാതി-വർഗ പീഡനം തടയൽ നിയമപ്രകാരം എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണിപ്പോൾ കോടതി ഇടപെടൽ.

കഴിഞ്ഞ 21ന് കോലഞ്ചേരി കോളജ് ഗ്രൗണ്ടിൽ നടന്ന പൂതൃക്ക പഞ്ചായത്ത് മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പേരെടുത്ത് പറയാതെ എം.എൽ.എയെ ആക്ഷേപിച്ചെന്നാണ് പരാതി. പരാതി നിയമോപദേശത്തിനായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് പുത്തൻകുരിശ് പൊലീസ് കൈമാറിയിരുന്നു. സാബു എം. ജേക്കബിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടികളിലേയ്ക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡിവൈ.എസ്.പി ടി.ബി വിജയനാണ് അന്വേഷണ ചുമതല.

Summary: Kerala High Court stays arrest of Twenty20 chief coordinator Sabu M Jacob in case of insulting MLA PV Sreenijin in public

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News