കേരളത്തിന് പ്രിയം വില കുറഞ്ഞ മദ്യം

മറ്റ് സംസ്ഥാനങ്ങളില്‍ സ്‌കോച്ച്, സിംഗിള്‍ മാള്‍ട്ട്, റെഡി-ടു ഡ്രിങ്ക് പാനീയങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ് കൂടുമ്പോഴും കേരളത്തിലെ ഉപഭോഗം പ്രധാനമായും കുറഞ്ഞ നിരക്കിലുള്ള മദ്യത്തില്‍ ഒതുങ്ങിയിരിക്കുകയാണ്

Update: 2024-04-04 05:49 GMT
Advertising

തിരുവനന്തപുരം: കേരളത്തിന് പ്രിയം വില കുറഞ്ഞ മദ്യത്തിനോടാണെന്ന് ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് അന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ISWAI) റിപ്പോർട്ട്. കേരളത്തില്‍ 4 ശതമാനം ആളുകള്‍ മാത്രമാണ് പ്രീമിയം മദ്യം ഉപയോഗിക്കുന്നത്. ബാക്കി 96 ശതമാനം പേര്‍ക്കും വിലക്കുറഞ്ഞ മദ്യത്തിനോടാണ് പ്രിയം.

കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 6, 10 ശതമാനം എന്നിങ്ങനെയാണ് പ്രീമിയം മദ്യം ഉപയോഗിക്കുന്നവരുടെ നിരക്ക്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 12 ശതമാനവും പശ്ചിമ ബംഗാള്‍ ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ യഥാക്രമം 20.5, 22 ശതമാനം എന്നിങ്ങനെയുമാണ് ആളുകള്‍ പ്രീമിയം മദ്യം ഉപയോഗിക്കുന്നത്. എന്നാല്‍ തെലങ്കാനയില്‍ 52 ശതമാനം ആളുകള്‍ പ്രീമിയം മദ്യം ഉപയോഗിക്കുന്നു.

പ്രീമിയം മദ്യം ഉപയോഗിക്കുന്നതിലെ കുറവ് കാരണം കേരളത്തിലെ ആല്‍ക്കഹോള്‍ ബിവറേജസ് വ്യവസായം വെല്ലുവിളികള്‍ നേരിടുന്നതായി ISWAI ചീഫ്  എക്സിക്യൂട്ടീവ് ഓഫീസര്‍ നിത കപൂര്‍ പറഞ്ഞു. കേരളത്തില്‍ പ്രതിവര്‍ഷം 28 ലക്ഷത്തോളം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഉപയോഗിക്കുന്നതായി ISWAI പറയുന്നു. ബിയര്‍ 33%, ബ്രാണ്ടി 35%, റം 27% എന്നിങ്ങനെയാണ് ഉപയോഗ നിരക്ക്. എന്നാല്‍ 4000 മുതല്‍ 5000 വരെയാണ് വിപണിയില്‍ ഇറക്കുമതി ചെയ്യുന്നവയുടെ വില.

സംസ്ഥാനത്ത് വില്‍ക്കുന്ന മദ്യത്തിന്റെ 96 ശതമാനവും ബിയര്‍, ബ്രാണ്ടി, റം എന്നിവയാണെന്ന് നിത വ്യക്തമാക്കി. 'ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മദ്യമാണ് കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നത്. ബിയറിന് 650 മില്ലിക്ക് 110 രൂപയും 180 മില്ലി ബ്രാണ്ടിക്കും റമ്മിനും 140 രൂപയുമാണ് വില. എന്നാല്‍ 750 മില്ലി വലിയ ബോട്ടിലിന് 450 മുതല്‍ 750 രൂപ വരെയും മാത്രമാണ് ഈടക്കുന്നത്' നിത കൂട്ടിച്ചേര്‍ത്തു.

'രാജ്യത്ത് ഏറ്റവും കുറവ് മദ്യവില്‍പ്പന ശാലകള്‍ ഉള്ളത് കേരളത്തിലാണ്. കേരളത്തില്‍ ഒരു ലക്ഷം പേര്‍ക്ക് 0.8 മദ്യവില്‍പ്പന ശാല എന്ന തോതിലാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ ഒരു ലക്ഷം പേര്‍ക്ക് 2.9 റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്ന തോതിലാണുള്ളത്. തമിഴ്നട്ടില്‍ 6.8 ഔട്ട്ലെറ്റുകളും കര്‍ണ്ണാടകയില്‍ 7 ഔട്ട്ലെറ്റുകളുമാണ് ഉള്ളത്' -അവര്‍ പറഞ്ഞു.

100 ചതുരശ്ര കിലോമീറ്ററിന് 0.8 റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ മാത്രമാണ് കേരളത്തില്‍ ഉള്ളത്. ഇതിന് കാരണം കേരളത്തിലെ കാലഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ്.

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവും, വിനോദസഞ്ചാരികളുടെ എണ്ണക്കൂടുതലും ഉണ്ടായിട്ട് വരെ പ്രീമിയം മദ്യ വിപണിയില്‍ കേരളം വളരെ പിറകിലാണെന്ന് നിത ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ സ്‌കോച്ച്, സിംഗിള്‍ മാള്‍ട്ട്, റെഡി-ടു ഡ്രിങ്ക് പാനീയങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ് കൂടുമ്പോഴും കേരളത്തിലെ ഉപഭോഗം പ്രധാനമായും കുറഞ്ഞ നിരക്കിലുള്ള മദ്യത്തില്‍ ഒതുങ്ങിയിരിക്കുകയാണ്

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News