'ഇത്തരക്കാരെ കൈയില്‍ കിട്ടിയാല്‍ നല്ല ഇടി ഇടിക്കും'; മൂന്നാംമുറയെ പ്രോത്സാഹിപ്പിക്കുന്ന ട്രോളുമായി കേരള പൊലീസ്

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ രംഗമാണ് പൊലീസ് സേന തങ്ങളുടെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Update: 2022-01-05 13:50 GMT
Advertising

സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന പൊലീസ് ആക്രമണങ്ങള്‍ക്കെതിരെ നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്. ഈ പശ്ചാത്തലത്തില്‍ ഇത്തരം വിമര്‍‌ശനങ്ങളെ ട്രോളിക്കൊണ്ട് കേരള പൊലീസിന്‍റെ ഫേസ്ബുക് പോസ്റ്റ്. പൊലീസിന്‍റെ മൂന്നാം മുറകളെ പരോക്ഷമായി ന്യായീകരിക്കുന്ന ട്രോള്‍ ആണ് കേരള പൊലീസ് ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ രംഗമാണ് പൊലീസ് സേന തങ്ങളുടെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പ്രതികളെ പൊലീസ് സ്റ്റേഷനില്‍ വെച്ച് തല്ലുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ വരുന്ന വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകയോട് നിവിന്‍ പോളി അവതരിപ്പിക്കുന്ന എസ്.ഐ കഥാപാത്രം മറുപടി നല്‍കുന്ന സീനിന്‍റെ മീം ആണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

ഒരാളെ തല്ലിച്ചതയ്ക്കാന്‍ എന്തധികാരമാണ് നിങ്ങള്‍ക്കെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ചോദിക്കുമ്പോള്‍ അവരെ അപമാനിക്കുന്ന തരത്തില്‍ സ്ത്രീവിരുദ്ധമായ തമാശകള്‍ പറഞ്ഞുകൊണ്ടുള്ള മറുപടിയാണ് നിവിന്‍ പോളിയുടെ എസ്.ഐ കഥാപാത്രം പറയുന്നത്. ഒപ്പം ഇത്തരം ക്രിമിനലുകളെ കൈയില്‍ കിട്ടിയാല്‍ നല്ല ഇടി ഇടിക്കുമെന്നും പൊലീസ് കഥാപാത്രം പറയുന്നുണ്ട്. ഇത് തന്നെയാണ് കേരള പൊലീസ് ഫേസ്ബുക് പോസ്റ്റിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്നും ഏറെക്കുറെ വ്യക്തമാണ്.

Full View

ഒരു സ്റ്റേറ്റിന്‍റെ പൊലീസ് സേനയുടെ ഔദ്യോഗിക പേജിൽ നിന്ന് ജനങ്ങൾക്ക് നൽകുന്ന സന്ദേശം ആണിത്. മൂന്നാം മുറയെ അനുകൂലിച്ച് പൊലീസ് തന്നെ പൊലീസിന്‍റെ പേജില്‍ പോസ്റ്റ് ചെയ്ത ട്രോളിനെതിരെ വ്യാപക വിമര്‍ശനങ്ങളും വരുന്നുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് ഈ പൊതുബോധവുമായാണോ ഒരു സംസ്ഥാനത്തെ പൊലീസ് സേന ജോലി ചെയ്യുന്നത് എന്നടക്കമുള്ള കമന്‍റുകളാണ് വരുന്നത്.

കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ ട്രെയിനില്‍ യാത്രചെയ്ത ഷമീര്‍ എന്നയാളെ എ.എസ്.ഐ. ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ വ്യാപക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ ഇയാള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം വിവാദമായതോടെയാണ് മര്‍ദനത്തിനിരയായ ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും പിടികൂടുകയും ചെയ്തു. ഇയാള്‍ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നുമാണ് പൊലീസ് പറയുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News