സെനറ്റ് അംഗങ്ങളെ പുറത്താക്കൽ; ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാന്‍ കേരള സർവകലാശാല

സര്‍വകലാശാല വി.സിയുടെ അധികാരങ്ങള്‍ കൈയാളിക്കൊണ്ടുള്ള ഗവര്‍ണര്‍ക്കെതിരെ നിയമനടപടി വേണമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുമുള്ളത്.

Update: 2022-10-20 01:03 GMT
Advertising

തിരുവനന്തപുരം: സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവിനെ നിയമപരമായി നേരിടാന്‍ ഒരുങ്ങി കേരള സർവകലാശാല. സര്‍വകലാശാല ഇറക്കേണ്ട ഉത്തരവ് ഗവര്‍ണര്‍ ഇറക്കിയതില്‍ നിയമപ്രശ്നമുണ്ടെന്നാണ് വിലയിരുത്തല്‍. വി.സിയെ മറികടന്ന് ഉത്തരവിറക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് നിയമോപദേശവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലാ നീക്കം.

സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത ചാന്‍സലര്‍ പ്രതിനിധികളെ പിന്‍വലിക്കാന്‍ രണ്ട് ദിവസം മുമ്പാണ് ഗവര്‍ണര്‍ വി.സിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കാട്ടി വി.സി മറുപടി നല്‍കി. ഇതോടെ തന്റെ ഉത്തരവ് നടപ്പാക്കിയേ മതിയാവൂ എന്ന് ഗവര്‍ണര്‍ വി.സിക്ക് അന്ത്യശാസനം നല്‍കി. എന്നാല്‍ താൻ സ്ഥലത്തില്ലാത്തതിനാല്‍ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് വി.സി തിരിച്ചടിച്ചു.

ഇതോടെയാണ് ചാന്‍സലറെന്ന തന്റെ അധികാരമുപയോഗിച്ച് പ്രതിനിധികളെ പുറത്താക്കിക്കൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. എന്നാൽ സര്‍വകലാശാല ചട്ടപ്രകാരം വി.സിയെ മറികടന്ന് ഉത്തരവിറക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. സര്‍വകലാശാല വി.സിയുടെ അധികാരങ്ങള്‍ കൈയാളിക്കൊണ്ടുള്ള ഗവര്‍ണര്‍ക്കെതിരെ നിയമനടപടി വേണമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുമുള്ളത്.

ഗവര്‍ണറുടെ അമിതാധികാര പ്രയോഗത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് സര്‍വകലാശാലകളിലെ തങ്ങളുടെ പ്രതിനിധികള്‍ക്ക് സി.പി.എം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയ നടപടിക്കെതിരെ അയോഗ്യരാക്കപ്പെട്ട പ്രതിനിധികളും കോടതിയെ സമീപിക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News