ഹയർ സെക്കൻഡറി സ്കൂളുകൾ കോൺസൻട്രേഷൻ ക്യാമ്പുകളാണെന്ന അഭിപ്രായം: മന്ത്രി മറുപടി നൽകണം -കെ.എച്ച്.എസ്.ടി.യു

‘ആരാണ് ഈ മേഖലയിലെ ഹിറ്റ്ലർ എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണം’

Update: 2024-04-07 11:35 GMT

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലെ ഹയർസെക്കൻഡറി വിഭാഗം കോൺസൻട്രേഷൻ ക്യാമ്പുകളാണെന്നും അവിടെനിന്ന് വരുന്നവരാണ് ബിരുദ പഠനത്തിനെത്തി അക്രമങ്ങൾ കാണിക്കുന്നതെന്നുമുള്ള മുൻ ഹയർ സെക്കൻഡറി ഡയറക്ടറും ചരിത്രകാരനുമായ പ്രഫസർ വി. കാർത്തികേയൻ നായർ അഭിപ്രായപ്പെട്ടിരിക്കുന്നത് വസ്തുതാപരമാണോ എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്ന് കെ.എച്ച്.എസ്.ടി.യു ആവശ്യപ്പെട്ടു. മലബാർ മേഖലയിൽ ഹയർ സെക്കൻഡറി പഠനത്തിന് ആവശ്യമായ സീറ്റുകൾ ലഭിക്കാതെ മുൻ വർഷങ്ങളിൽ വിദ്യാർഥികൾ ബുദ്ധിമുട്ടിയപ്പോൾ കാർത്തികേയൻ നായർ അധ്യക്ഷനായി ഒരു സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു.

Advertising
Advertising

ഈ സമിതി നിരവധി സിറ്റിങ്ങുകൾ നടത്തുകയും അധ്യാപക സംഘടനകൾ, അധ്യാപകർ, വിദ്യാർഥികൾ, മാനേജ്മെൻ്റുകൾ തുടങ്ങി നിരവധി പേരിൽ നിന്നും പരാതികളും നിർ​ദേശങ്ങളും എഴുതി വാങ്ങുകയും ചെയ്തിരുന്നു. 65ഓളം വരുന്ന കൗമാരപ്രായത്തിലുള്ള വിദ്യാർഥികളെ ക്ലാസുകളിൽ കുത്തിനിറച്ച് അശാസ്ത്രീയമായി തുടരുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കണമെന്നും വിദ്യാർഥികളുടെ ഹയർ സെക്കൻഡറി പഠനം ഉറപ്പുവരുത്തണമെന്നും വിദ്യാർഥികളുടെ എണ്ണം അൻപതിൽ കൂടാൻ പാടില്ല എന്നും കെ.എച്ച്.എസ്.ടി.യു കാർത്തികേയൻ നായർ കമ്മിറ്റിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

ഈ വിദഗ്ദ സമിതി റിപ്പോർട്ടിൻമേൽ നടപടിയെടുക്കാതെ പൂഴ്ത്തിവയ്ക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തത്. ഈ റിപ്പോർട്ടിനെ കുറിച്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ വിദ്യാഭ്യാസ മന്ത്രിയോട് ചോദിച്ചപ്പോൾ എല്ലാ റിപ്പോർട്ടും പുറത്തുവിടാൻ ഉള്ളതല്ല എന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്.

കൗമാര പ്രായത്തിലുള്ള വിദ്യാർഥികൾ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. അവർക്ക് സവിശേഷ ശ്രദ്ധ നൽകി പ്രശ്നങ്ങൾക്ക് ക്രിയാത്മക പരിഹാരം കാണേണ്ടുന്നതിനു പകരം അശാസ്ത്രീയമായി പൊതുവിദ്യാഭ്യാസ മേഖലയിൽ ഏകീകരണം നടത്താൻ തിടുക്കം കാണിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

കൗമാര പ്രായത്തിലുള്ള വിദ്യാർഥികളുടെ പ്രതിസന്ധികൾ തരണം ചെയ്യാനും ഈ കാലഘട്ടത്തെ ക്രിയാത്മകമായി പരിവർത്തിക്കാനും വേണ്ടി ഹയർ സെക്കൻഡറി മേഖലയിൽ ഒരു വിഷയ വിദഗ്ധൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അഡോളസെൻ്റ് ആൻഡ് കരിയർ ഗൈഡൻസ് സെൽ പിരിച്ചുവിട്ട് ഏതെങ്കിലും ജെ.ഡിക്കു കീഴിലാക്കണമെന്നും ഏകീകരണ കോർകമ്മിറ്റി സർക്കാറിന് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്.

പൊതുവെ മികവിൻ്റെ പാതയിലൂടെ സഞ്ചരിക്കുന്ന ഹയർ സെക്കൻഡറി മേഖലയ്ക്കെതിരെ ആസൂത്രിത ഗൂഢാലോചനകൾ നടക്കുന്നതിനെ കുറിച്ച് സർക്കാർ ഗൗരവതരമായ അന്വേഷണം നടത്തണം. ഹയർ സെക്കൻഡറി സ്കൂളുകൾ കോൺസൻട്രേഷൻ ക്യാംപുകളാണ് എന്ന് ഒരു ചരിത്രകാരൻ അഭിപ്രായപ്പെട്ടത് ശരിയാണെങ്കിൽ ആരാണ് ഈ മേഖലയിലെ ഹിറ്റ്ലർ എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്നും കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News