കോഴിക്കോട്: രാജ്യത്ത് മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ കേന്ദ്ര സർക്കാർ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കി തുടങ്ങിയ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾ ഐക്യപ്പെടണമെന്ന് കെഎൻഎം മർകസുദഅവ സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ആർഎസ്എസ് അടിസ്ഥാന നിയമാവലിയായി കാണുന്ന വിചാരധാരയെ അടിസ്ഥാനമാക്കി രാജ്യത്തെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളായി കണ്ട് അപരവത്കരിക്കാനുള്ള ആസൂത്രിത പദ്ധതികളാണ് കേന്ദ്രസർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പൗരത്വ നിയമ ഭേദഗതി, വഖഫ് നിയമ ഭേദഗതി, എഫ്‌സിആർഎ നിയമ ഭേദഗതി, ക്രിസ്ത്യൻ ക്ഷേമ ബോർഡ് തുടങ്ങിയവയൊക്കെ ന്യൂനപക്ഷ സമുദായങ്ങളെ വേട്ടയാടാനുള്ള ഗൂഢ പദ്ധതികളാണ്.
രാജ്യത്ത് ജനിച്ചു വളർന്ന മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുടെ ഭരണഘടനാപരമായ വിശ്വാസ, ആരാധനാ, പ്രബോധന സ്വാതന്ത്ര്യം നിഷേധിക്കുന്നത് അനുവദിക്കാവതല്ല. ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും മറ്റു സ്വത്തുക്കളും കവർന്നെടുക്കാനുള്ള സംഘ്പരിവാർ നീക്കത്തെ ചെറുക്കാൻ മതേതര രാഷ്ട്രീയ നേതൃത്വങ്ങൾ മുന്നോട്ട് വരണമെന്നും കെഎൻഎം മർകസുദഅവ അഭ്യർഥിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും ലെബനാലിൽ ഇസ്രായേൽ ആക്രമണം തുടരുന്നത് കടുത്ത ധിക്കാരമാണ്. പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം പുനസ്ഥാപിക്കാൻ ഇസ്രായേലിനെ ഒറ്റപ്പെടുത്താൻ ലോകം ഒന്നിക്കണം. പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറിലെത്താൻ നിലവിൽ നടക്കുന്ന അനുരജ്ഞന ചർച്ചകൾ വിജയമാവട്ടെയെന്ന് കെഎൻഎം മർകസുദഅവ എക്സിക്യുട്ടീവ് ആശംസിച്ചു.
കെഎൻഎം മർകസുദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാൻ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി, സി. അബ്ദുലത്തീഫ് മാസ്റ്റർ, പ്രൊഫ.കെ.പി സകരിയ്യ, ഡോ.ഐ.പി അബ്ദുസ്സലാം, ഡോ.എ.കെ അബ്ദുൽ ഹമീദ് മദനി, ഫൈസൽ നന്മണ്ട, പി.പി ഖാലിദ്, അബ്ദുലത്തീഫ് കരുമ്പിലാക്കൽ, പി. അബ്ദുസ്സലാം മദനി, കെ.എൻ സുലൈമാൻ മദനി, ഡോ.ജാബിർ അമാനി, ഇ.ഐ സിറാജ് മദനി, എം.ടി മനാഫ് മാസ്റ്റർ, കെ.എം കുഞ്ഞമ്മദ് മദനി, അബ്ദുൽ അസീസ് മാസ്റ്റർ, ബി.പി.എ ഗഫൂർ, എ.ടി ഹസൻ മദനി, ജലീൽ മദനി വയനാട്, പ്രൊഫ.ശംസുദീൻ പാലക്കോട്, അബ്ദുറശീദ് ഉഗ്രപുരം, ടി.പി ഹുസൈൻ കോയ, സുഹൈൽ സാബിർ, ഹാസിൽ മുട്ടിൽ, എം.കെ മൂസ മാസ്റ്റർ, സൽമ അൻവാരിയ്യ പ്രസംഗിച്ചു.